മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് അനായാസ വിജയം ഒരുക്കിയത്.
27 പന്തില്‍ 61 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. പുറത്താവാതെ 36 പന്തില്‍ 40 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്‌വാദും നിര്‍ണായകമായി. താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്‌ടമായി. നാല് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന കോണ്‍വേയെ ബെഹന്‍ഡോര്‍ഫ് ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന് റിതുരാജിനൊപ്പം ക്രീസിലൊന്നിച്ച രഹാനെ കത്തിക്കയറി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സായിരുന്നു ചെന്നൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതിനകം തന്നെ 19 പന്തുകളില്‍ നിന്നും രഹാനെ അര്‍ധ സെഞ്ചുറി തികച്ചിരുന്നു. മുംബൈക്കെതിരെയുള്ള ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണിത്.
രഹാനെ അടിച്ച് തകര്‍ക്കുമ്പോള്‍ റിതുരാജ് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ എട്ടാം ഓവറിന്‍റെ അവസാന പന്തില്‍ രഹാനെയെ സൂര്യകുമാറിന്‍റെ കയ്യിലെത്തിച്ച് പിയുഷ് ചൗള മുംബൈക്ക് ആശ്വാസം നല്‍കി. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ശിവം ദുബെയും റിതുരാജും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു.
15ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ദുബെയെ (26 പന്തില്‍ 28) ബൗള്‍ഡാക്കിയ കുമാര്‍ കാര്‍ത്തികേയ ഈ കൂട്ടുകെട്ട് തകര്‍ത്തു. എന്നാല്‍ തുടര്‍ന്ന് ഇംപാക്‌ട് പ്ലെയറായെത്തിയ അമ്പാട്ടി റായിഡുവിനൊപ്പം (16 പന്തില്‍ 20) ചേര്‍ന്ന് റിതുരാജ് ചെന്നൈയെ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 157 റണ്‍സെടുത്തത്. 21 പന്തില്‍ 32 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോററായത്. ടിം ഡേവിഡ് (22 പന്തില്‍ 31), തിലക് വര്‍മ (18 പന്തില്‍ 22), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 21) എന്നിവരാണ് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. വാലറ്റത്ത് പുറത്താവാതെ 13 പന്തില്‍ 18 റണ്‍സ് നേടിയ ഹൃത്വിക് ഷോക്കീന്‍റെ പ്രകടനമാണ് മുംബൈയെ 150 കടത്തിയത്.
ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മുംബൈക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 38 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നാലാം ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ ബൗള്‍ഡാക്കിയ തുഷാര്‍ ദേശ്‌പാണ്ഡെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം ഇഷാന്‍ കിഷന്‍ മുംബൈയുടെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ച എംഎസ് ധോണിയുടെ തന്ത്രം ഫലം കണ്ടു. ജഡേജ സിക്‌സറിന് പറത്താനുള്ള ഇഷാന്‍റെ ശ്രമം ഡ്വെയ്ന്‍ പ്രിട്ടോറിയസിന്‍റെ കൈയ്യില്‍ ഒതുങ്ങുകയായിരുന്നു.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ സൂര്യ മിച്ചല്‍ സാന്‍റ്‌നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കയ്യിലാണ് അവസാനിച്ചത്. തൊട്ടടുത്ത ഓവറുകളില്‍ കാമറൂണ്‍ ഗ്രീനും (11 പന്തില്‍ 12), അർഷദ് ഖാനും (4 പന്തില്‍ 2) മടങ്ങിയതോടെ മുംബൈ 9.1 ഓവറില്‍ 76ന് അഞ്ച് എന്ന നിലയിലേക്ക് തകര്‍ന്നു.
തുടര്‍ന്ന് ഒന്നിച്ച തിലക് വര്‍മയും ടിം ഡേവിഡും മുംബൈയെ നൂറ് കടത്തി. എന്നാല്‍ 13ാം ഓവറിന്‍റെ അവസാന പന്തില്‍ തിലകിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സ് (10 പന്തില്‍ 5) പ്രതിരോധിച്ച് കളിക്കാന്‍ ശ്രമം നടത്തിയെങ്കിലും സിസന്ദ മഗലയ്‌ക്ക് മുന്നില്‍ വീണു.
ആക്രമിച്ച് കളിക്കുന്നതിനിടെ 17ാം ഓവറിന്‍റെ അവസാന പന്തിലാണ് ടിം ഡേവിഡ് പുറത്താവുന്നത്. തുഷാര്‍ ദേശ്‌പാണ്ഡെയുടെ പന്തില്‍ രഹാനെ പിടികൂടിയാണ് താരം മടങ്ങിയത്. ഹൃത്വിക്കിനൊപ്പം പിയൂഷ് ചൗളയും (6 പന്തില്‍ 5) പുറത്താവാതെ നിന്നു.
ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ സാന്‍റ്‌നര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.