കൊല്‍ക്കത്ത : ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ഗാര്‍ഡന്‍സില്‍ രാത്രി ഏഴരമുതലാണ് മത്സരം. തോല്‍വികളില്‍ നിന്ന് കരകയറാന്‍ ആതിഥേയര്‍ ഇറങ്ങുമ്പോള്‍ ഹാട്രിക് ജയം തേടിയാണ് തലയും സംഘവും ഇന്ന് കളിക്കളത്തിലിറങ്ങുന്നത്.
ആറ് കളിയില്‍ നാല് ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റ് പട്ടികയില്‍ എട്ട് പോയിന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്‍റാണ് കൊല്‍ക്കത്തയ്‌ക്കുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ അവര്‍ എട്ടാം സ്ഥാനക്കാരാണ്.
ബാറ്റിങ്ങില്‍ കരുത്തര്‍, ബോളിങ്ങില്‍ ദുര്‍ബലര്‍ : ബാറ്റിങ് നിരയാണ് ചെന്നൈയുടെ കരുത്ത്. ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോണ്‍ കോണ്‍വെയും മിന്നും ഫോമില്‍. പിന്നാലെയെത്തുന്ന അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ എന്നിവര്‍ ഏത് ബോളിങ് യൂണിറ്റിനെയും തല്ലിച്ചതയ്‌ക്കാന്‍ കെല്‍പ്പുള്ളവരും.
ഫിനിഷര്‍ റോളില്‍ നായകന്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും. ബാറ്റിങ്ങില്‍ വെല്ലുവിളികളില്ലെങ്കിലും ബോളിങ്ങിലാണ് ആശങ്കകളേറെ. ടീമിലെ ബോളര്‍മാരില്‍ ആര്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പരിക്കേറ്റ ബെന്‍ സ്‌റ്റോക്‌സിന് ഒരാഴ്‌ചയോളം പുറത്തിരിക്കേണ്ട അവസ്ഥയായതിനാല്‍ ഇന്നും താരം കളിക്കില്ല. പേസര്‍ ദീപക് ചഹാറും ഇന്ന് ടീമിലുണ്ടാകില്ല.
തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കൊല്‍ക്കത്ത : തുടര്‍ച്ചയായ നാലാം തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കൊല്‍ക്കത്ത ഇന്ന് ചെന്നൈയെ നേരിടാന്‍ ഇറങ്ങുന്നത്. ആറ് മത്സരങ്ങള്‍ പിന്നിട്ടിട്ടും കെകെആറിന് ഇതുവരെയും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താനായിട്ടില്ല. ഇത് തന്നെയാണ് ടീം നേരിടുന്ന തിരിച്ചടികളുടെ കാരണവും.
ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ താളം കണ്ടെത്താത്തതും ടീമിന് തലവേദനയാണ്. നായകന്‍ നിതീഷ് റാണയുടെ സ്ഥിരത ഇല്ലായ്‌മയും പ്രകടനങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. വെങ്കിടേഷ് അയ്യരുടെ ബാറ്റിലാണ് ടീമിന്‍റെ പ്രതീക്ഷ.
കഴിഞ്ഞ മത്സരത്തിലിറങ്ങിയ ജേസണ്‍ റോയ് റണ്‍സ് കണ്ടെത്തിയതും ടീമിന് ആശ്വാസം. വരുണ്‍ ചക്രവര്‍ത്തി ഒഴികെ മറ്റാര്‍ക്കും ബോളിങ്ങിലും മികവിലേക്ക് ഉയരാനായിട്ടില്ല.
ചരിത്രം ചെന്നൈക്കൊപ്പം : ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കെടുത്താല്‍ മുന്നില്‍ ചെന്നൈയാണ്. 29 മത്സരങ്ങളില്‍ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ 18-ലും ജയിച്ചുകയറിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 10 ജയം സ്വന്തമാക്കിയപ്പോള്‍, ഒരു മത്സരം ഉപേക്ഷിച്ചു.
പിച്ച് റിപ്പോര്‍ട്ട് : ഐപിഎല്‍ പതിനാറാം പതിപ്പില്‍ വലിയ സ്‌കോറുകള്‍ പിറന്ന മൈതാനങ്ങളിലൊന്നാണ് ഈഡന്‍ ഗാര്‍ഡന്‍സ്. ഈ സീസണില്‍ ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീം 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തിരുന്നു. ബാറ്റര്‍മാരെ തുണയ്‌ക്കുന്ന ഈ പിച്ചില്‍ നിന്ന് സ്‌പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കാറുണ്ട്. ഇവിടെ ഇക്കുറി നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീം ആണ് ജയിച്ചതെങ്കിലും ടോസ് നേടുന്നവര്‍ ചേസിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.