ലഖ്‌നൗ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 194 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 193 റണ്‍സെടുത്തത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ കൈൽ മേയേഴ്‌സിന്‍റെ പ്രകടനമാണ് മികച്ച ടോട്ടലിലേക്ക് ലഖ്‌നൗവിനെ നയിച്ചത്.
21 പന്തില്‍ 36 റണ്‍സുമായി നിക്കോളാസ് പുരാനും തിളങ്ങി. പതിഞ്ഞ തുടക്കമായിരുന്നു ലഖ്‌നൗവിന് ലഭിച്ചത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 30 എന്ന നിലയിലായിരുന്നു സംഘം. ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ വിക്കറ്റാണ് ലഖ്‌നൗവിന് ആദ്യം നഷ്‌ടമായത്.
12 പന്തില്‍ 8 റണ്‍സ് നേടിയ രാഹുലിനെ ചേതന്‍ സക്കറിയ അക്‌സര്‍ പട്ടേലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ദീപക് ഹൂഡ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും തകര്‍പ്പന്‍ അടികളുമായി കൈൽ മേയേഴ്‌സ് കളം നിറഞ്ഞതോടെ ടീം സ്‌കോര്‍ ചലിച്ചു. 11ാം ഓവറിന്‍റെ അവസാന പന്തില്‍ ഹൂഡയെ വീഴ്‌ത്തി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
18 പന്തില്‍ 17 റണ്‍സാണ് ഹൂഡയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഈ സമയം 98 റണ്‍സായിരുന്നു ലഖ്‌നൗവിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. പിന്നാലെ കൈൽ മേയേഴ്‌സും വീണു. 38 പന്തില്‍ രണ്ട് ഫോറുകളും ഏഴ് സിക്‌സും സഹിതം 73 റണ്‍സ് നേടിയ കൈൽ മേയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയായിരുന്നു.
വിന്‍ഡീസ് താരത്തിന്‍റെ ഐപിഎല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്. മാര്‍കസ് സ്റ്റോയിന്‍സ് 10 പന്തില്‍ 12), ആയുഷ് ബദോനി (7 പന്തില്‍ 18), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ക്രുണാൽ പാണ്ഡ്യ (15) കൃഷ്ണപ്പ ഗൗതം (6) എന്നിവര്‍ പുറത്താവാതെ നിന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനായി ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. അക്‌സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു.
ALSO READ: IPL 2023 | മഴയില്‍ ഒലിച്ച് കൊല്‍ക്കത്തയുടെ മോഹങ്ങള്‍ ; പഞ്ചാബ് കിങ്‌സിന് വിജയത്തുടക്കം
തട്ടകമായ ഏക്‌ന സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ കന്നി മത്സരമാണ് ഇവിടെ കളിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഹോം-എവേ ഫോര്‍മാറ്റുകളില്‍ ഐപിഎല്‍ നടക്കാതിരുന്നതോടെ കഴിഞ്ഞ സീസണിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗവിന് സ്വന്തം തട്ടകത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ പകരക്കാരനായാണ് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലെയിംഗ് ഇലവൻ) : കെഎൽ രാഹുൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിന്‍സ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, മാർക്ക് വുഡ്, ജയ്ദേവ് ഉനദ്‌ഘട്ട്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ.
ഡൽഹി ക്യാപിറ്റൽസ് (പ്ലെയിംഗ് ഇലവൻ) : ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ (വിക്കറ്റ് കീപ്പര്‍), റോവ്മാൻ പവൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.