ലഖ്‌നൗ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സുമായി ഏറ്റുമുട്ടും. അവസാന മത്സരത്തിൽ തോൽവിയേറ്റ ഇരുടീമുകളും വിജയപാതയിൽ തിരിച്ചെത്താനാകും ലഖ്‌നൗ എകാന സ്റ്റേഡിയത്തിൽ ഇറങ്ങുക. ഉച്ച കഴിഞ്ഞ് 3.30നാണ് മത്സരം.
കഴിഞ്ഞ മത്സരങ്ങളിലെ തോൽവിയുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ലഖ്‌നൗ സ്വന്തം മൈതാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 18 റൺസിന് പരാജയപ്പെട്ടപ്പോൾ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ചെന്നൈയെ നാല് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് കീഴടക്കിയത്. 10 പോയിന്‍റ് വീതമുള്ള എൽഎസ്‌ജി മൂന്നാമതും സിഎസ്‌കെ നാലാമതുമാണ്.
നായകനില്ലാതെ ലഖ്‌നൗ: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റ കെഎൽ രാഹുലിന് ഇന്ന് കളിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകൾ. രാഹുലിന്‍റെ അഭാവത്തിൽ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയായിരിക്കും ലഖ്‌നൗവിനെ നയിക്കുക. രാഹുലിന്‍റെ പരിക്ക് ബിസിസിഐ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശം അനുസരിച്ചായിരിക്കും രാഹുല്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. രാഹുലിന്‍റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ഇനിയും വന്നിട്ടില്ലെങ്കിലും ഈ ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.
ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെഎല്‍ രാഹുലിന്‍റെ കാലിന് പരിക്കേറ്റത്. ഇതിന് ശേഷം പതിനൊന്നാമനായി ബാറ്റിങ്ങിനെത്തിയെങ്കിലും രാഹുലിന് ടീമിനെ ജയിപ്പിക്കാനായിരുന്നില്ല. താരം വളരെ പ്രയാസപ്പെട്ടാണ് ക്രീസില്‍ ബാറ്റ് ചെയ്‌തിരുന്നത്.
ഡി കോക്കിനെ പരിഗണിക്കുമോ..? രാഹുലിന് പകരം എൽഎസ്‌ജിയുടെ കൈൽ മയേഴ്‌സിനൊപ്പം ഓപ്പണറായി ക്വിന്റൺ ഡി കോക്ക് ഇറങ്ങാനാണ് സാധ്യത. പവർപ്ലേയിൽ തകർത്തടിക്കുന്ന കൈൽ മയേഴ്‌സിന്‍റെ കരുത്തിലാണ് ലഖ്‌നൗ റൺസുയർത്തുന്നത്. മധ്യനിരയിൽ ആയുഷ് ബദോനി, നിക്കോളാസ് പുരാൻ, മാർകസ് സ്റ്റോയിനസ് എന്നിവരും വമ്പനടിക്ക് പേരുകേട്ടവർ
പരിക്കേറ്റ പേസർ ജയ്ദേവ് ഉനദ്‌കട്ടിന്‍റെ സേവനം ലഖ്‌നൗവിന് നഷ്‌ടമാകും. ഫാസ്റ്റ് ബോളർ മാർക് വുഡ്, സ്‌പിന്നർ രവി ബിഷ്‌ണോയി എന്നിവരും മികച്ച ഫോമിലാണ്. രാഹുലിന് പകരം ഡി കോക്കിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ നവീൻ ഉൾ ഹഖിന് സ്ഥാനം നഷ്‌ടമായേക്കാം.
വിജയപാതയിൽ തിരിച്ചെത്താൻ ചെന്നൈ; തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ചെന്നൈ ഇറങ്ങുന്നത്. പഞ്ചാബിനെതിരെ തകർത്തടിച്ച ഓപ്പണർ ഡെവോൺ കോൺവെ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷ. കോൺവെയ്‌ക്കൊപ്പം റിതുരാജ് ഗെയ്‌ക്‌വാദും ഫോമിലായാൽ ചെന്നൈ കൂടുതൽ റൺസ് കണ്ടെത്തും. പഴയ ശൈലിയിൽ നിന്നും വ്യത്യസ്‌തമായി തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന അജിങ്ക്യ രാഹനെയും ധോണിയും മത്സരം ജയിപ്പിക്കാൻ കഴിവുള്ളവരാണ്.
ബൗളർമാർ സ്ഥിരതയാർന്ന പ്രകടനം നടത്താത്തതാണ് ടീമിന് പ്രധാന തലവേദന. രവീന്ദ്ര ജഡേജ, മൊയിൻ അലി എന്നിവരുടെ ഓൾറൗണ്ട് മികവ് സിഎസ്കെയുടെ കരുത്താണ്. ചെപ്പോക്കിൽ ഇരുവരുടെയും ബൗളിങ്ങും ടീമിന് നിർണായകം. പരിക്കേറ്റ ദീപക് ചഹാർ, ബെൻ സ്റ്റോക്‌സ് എന്നിവർക്ക് ഈ മത്സരവും നഷ്‌ടമായേക്കും.
പിച്ച് റിപ്പോർട്ട്: ലഖ്‌നൗവിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ആദ്യം ബാറ്റ് ചെയ്‌ത ടീം വിജയിച്ചു. ബൗളർമാർക്ക് അനുകൂലമായതിനാൽ ബാറ്റർമാർ സാധാരണയായി പിച്ചിൽ ബുദ്ധിമുട്ടുന്നതാണ് പതിവ്. എന്നാൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 200 ന് മുകളിൽ റൺസ് പിറന്നിരുന്നു.