അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 205 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 204 റണ്‍സെടുത്തത്. വിജയ് ശങ്കര്‍, സായ് സുദര്‍ശന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലെത്തിയത്.
24 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 63 റണ്‍സ് നേടി പുറത്താവാതെ നിന്ന വിജയ് ശങ്കറാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ താരം കത്തിക്കയറിയതോടെയാണ് ഗുജറാത്ത് സ്‌കോര്‍ 200 റണ്‍സ് കടന്നത്. 38 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 53 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്.
സ്വന്തം തട്ടകമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 33 റണ്‍സാണ് ഇരുവരും നേടിയത്. അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തില്‍ വൃദ്ധിമാന്‍ സാഹയെ എന്‍ ജഗദീശന്‍റെ കയ്യിലെത്തിച്ച് സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
17 പന്തില്‍ 17 റണ്‍സായിരുന്നു താരം നേടിയത്. തുടര്‍ന്ന് ഒന്നിച്ച ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒന്നിന് 54 എന്ന നിലയിലായിരുന്നു ഗുജറാത്ത്. തുടര്‍ന്ന് 12-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിലെത്തിച്ചു.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഗില്ലിനെ സുനില്‍ നരെയ്‌ന്‍ ഉമേഷ് യാദവിന്‍റെ കയ്യില്‍ എത്തിച്ചു. 31 പന്തില്‍ 38 റണ്‍സായിരുന്നു താരം നേടിയത്. തുടര്‍ന്നെത്തിയ അഭിനവ് മനോഹറിന് അധികം ആയുസുണ്ടായിരുന്നില്ല. എട്ട് പന്തില്‍ 14 റണ്‍സ് നേടിയ താരം സുയാഷ് ശര്‍മയുടെ പന്തില്‍ ബൗള്‍ഡാവുകായിരുന്നു.
ആറാമതായെത്തിയ വിജയ് ശങ്കറിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ 18-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സായ് സുദര്‍ശന്‍ പുറത്താവുന്നത്. തൊട്ടടുത്ത ഓവറുകളിലാണ് ശങ്കര്‍ കത്തിക്കയറിയത്. ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും നേടിയ താരം ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുകളാണ് പറത്തിയത്. 21 പന്തുകളിലാണ് ശങ്കര്‍ അര്‍ധ സെഞ്ചുറി തികച്ചത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, സുയാഷ് ശർമ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ(ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ.