മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമുണ്ടായ ഗൗതം ഗംഭീര്‍-വിരാട് കോലി പോര് ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നുവെങ്കിലും എന്താണ് നടന്നതെന്നും ഇരുവരും എന്താണ് പറഞ്ഞതെന്നും ആര്‍ക്കും ഒരറിവുമില്ലായിരുന്നു. ഇപ്പോഴിതാ ടീം ഡഗൗട്ടുകളിലൊന്നിൽ ഉണ്ടായിരുന്ന ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ദൃക്‌സാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ. 'മത്സരത്തിന് ശേഷം വിരാട് കോലിയോട് സംസാരിച്ചുകൊണ്ട് ഏതാനും ദൂരം കെയ്‌ല്‍ മേയേഴ്‌സ് നടക്കുന്നത് നിങ്ങള്‍ ടിവിയില്‍ കണ്ടുകാണും. കോലി എന്തിനാണ് നിരന്തരം അധിക്ഷേപിക്കുന്നതെന്നായിരുന്നു മേയേഴ്‌സ് ചോദിച്ചത്.
എന്തുകൊണ്ടാണ് മേയേഴ്‌സ് തന്നെ തുറിച്ചുനോക്കുന്നത് എന്ന മറുചോദ്യമായിരുന്നു വിരാടിനുണ്ടായിരുന്നത്. 10-ാം നമ്പർ ബാറ്ററായ നവീനെ (നവീന്‍ ഉള്‍ ഹഖ്) വിരാട് നിരന്തരം അധിക്ഷേപിക്കുന്നതിനെക്കുറിച്ച് (അമിത്) മിശ്ര അമ്പയറോട് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു'.
'കാര്യങ്ങൾ മോശമാകുമെന്ന് മനസിലാക്കിയ ഗൗതം, വിരാട് എന്തോ പറഞ്ഞപ്പോള്‍, മേയേഴ്‌സിനെ തടയുകയും ആ സംഭാഷണം വേണ്ടെന്ന് പറയുകയും ചെയ്‌തു. തുടർന്നുള്ള സംഭവങ്ങള്‍ അൽപ്പം ബാലിശമായി തോന്നി. നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഗൗതം കോലിയോട് ചോദിച്ചപ്പോള്‍, ഞാന്‍ ഒന്നും പറയാത്തപ്പോൾ പിന്നെ എന്തിനാണ് ഇതിന്‍റെ ഇടയില്‍ വരുന്നതെന്നായിരുന്നു കോലി മറുപടി നല്‍കിയത്'
'ഇതിനോട്, നിങ്ങൾ എന്‍റെ കളിക്കാരനെ അധിക്ഷേപിച്ചുവെന്നും, അത് തന്‍റെ കുടുംബത്തെ അധിക്ഷേപിക്കുന്നതുപോലെയാണ് എന്നുമാണ് ഗംഭീര്‍ പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്‍റെ കാര്യം നോക്കൂവെന്ന് കോലി തിരിച്ചുപറഞ്ഞു. അതൊക്കെ ഇനി നിങ്ങളില്‍ നിന്ന് പഠിച്ചിട്ട് വേണമെന്നായിരുന്നു ഗംഭീര്‍ ഇതിന് മറുപടി പറഞ്ഞത്'. ഇതിനുശേഷം മറ്റുള്ളവരെത്തി ഇരുവരേയും പിടിച്ച് മാറ്റുകയാണുണ്ടായതെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തട്ടകമായ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂരിന്‍റെ വിജയത്തിന് പിന്നാലെയായിരുന്നു കോലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. മത്സരത്തില്‍ ബാംഗ്ലൂര്‍ വിജയത്തോട് അടുത്തപ്പോള്‍ തന്നെ ലഖ്‌നൗവിന്‍റെ 10-ാം നമ്പര്‍ ബാറ്ററായെത്തിയ നവീന്‍ ഉള്‍ ഹഖും വിരാട് കോലിയുമായി ക്രീസില്‍ വച്ച് വാക് പോരുണ്ടായിരുന്നു.
ALSO READ: IPL 2023: 'ഒരിക്കല്‍ പോലും അയാള്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല'; ദിനേശ് കാര്‍ത്തിക്കിനെതിരെ ഇർഫാൻ പഠാൻ
സഹബാറ്ററായുണ്ടായിരുന്ന വെറ്ററന്‍ താരം അമിത് മിശ്രയും അമ്പയറും ഇടപെട്ടായിരുന്നു ഈ രംഗം തണുപ്പിച്ചത്. മത്സരശേഷം ഹസ്‌തദാനത്തിനിടെയും കോലിയും നവീനും വീണ്ടും ഉരസി. തുടര്‍ന്നായിരുന്നു തര്‍ക്കം വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്കും ബിസിസിഐ വമ്പന്‍ പിഴ ശിക്ഷ വിധിച്ചിരുന്നു. ഗൗതം ഗംഭീറിനും വിരാട് കോലിക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി ഒടുക്കേണ്ടത്.