ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഡല്‍ഹിയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടന്നത്.
പിച്ച് വരണ്ടതായി തോന്നുന്നു. ഇതോടെ ബോളര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മഞ്ഞ് പെയ്യാനുള്ള സാധ്യത രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന് കരുതുന്നതായും രോഹിത് ശര്‍മ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റമാണ് മുംബൈ വരുത്തിയിട്ടുള്ളത്.
ട്രിസ്റ്റൻ സ്റ്റബ്‌സ് പുറത്തായപ്പോള്‍ റിലേ മെറെഡിത്തിനാണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്നും മുംബൈ നിരയില്‍ കളിക്കുന്നില്ല. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ബോളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിനിടെ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി വാര്‍ണര്‍ അറിയിച്ചു. പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം യാഷ് ധുളാണ് ഇടം നേടിയത്. റിലീ റോസോവ് പുറത്തായപ്പോള്‍ മുസ്‌തഫിസുർ റഹ്മാനാണ് ടീമിലെത്തിയത്.
ഡല്‍ഹിയുടെ തട്ടകമായ ഫിറോസ്ഷാ കോട്‌ലയിലാണ് മത്സരം നടക്കുന്നത്. സീസണില്‍ ഡല്‍ഹി തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈക്കിത് മൂന്നാം മത്സരമാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും ഡല്‍ഹി തോല്‍വി വഴങ്ങിയപ്പോള്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മുംബൈയും കീഴടങ്ങിയിരുന്നു. ഇതോടെ സീസണിലെ ആദ്യവിജയം തേടിയാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുന്നത്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്തഫിസുർ റഹ്മാൻ.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, റിലേ മെറിഡിത്ത്.
ഐപിഎല്ലില്‍ ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഏറെക്കുറെ ഒപ്പമത്തിനൊപ്പമാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. ഇതിന് മുമ്പ് 32 മത്സരങ്ങളിലാണ് ഇരു ടീമുകളും മുഖാമുഖമെത്തിയത്. ഇതില്‍ 17 മത്സരങ്ങളില്‍ മുംബൈ വിജയിച്ചപ്പോള്‍ 15 കളികളാണ് ഡല്‍ഹിക്കൊപ്പം നിന്നത്. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളില്‍ ഓരോ വിജയം വീതം നേടാന്‍ രണ്ട് ടീമുകള്‍ക്കും കഴിഞ്ഞിരുന്നു.
കാണാനുള്ള വഴി: ഐപിഎല്ലിന്‍റെ 16ാം സീസണിലെ 16ാം മത്സരമാണിത്. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള കളി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ ജിയോ സിനിമ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെയും ഈ മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ALSO READ: IPL 2023 | 'മുംബൈയുടെ പരാജയത്തിന്‍റെ പ്രധാനകാരണം അതാണ്..!'; ചൂണ്ടിക്കാട്ടി സുനില്‍ ഗവാസ്‌കര്‍