ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു വെറ്ററന്‍ സ്‌പിന്നര്‍ അമിത് മിശ്ര നടത്തിയത്. തന്‍റെ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ 40കാരന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. അപകടകാരികളായ വാഷിങ്‌ടണ്‍ സുന്ദര്‍, ആദില്‍ റഷീദ് എന്നിവരെയായിരുന്നു അമിത് മിശ്ര പുറത്താക്കിയത്.
ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ തൊട്ട് വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരം കഴിഞ്ഞ സീസണിൽ മാത്രമാണ് പുറത്തിരുന്നത്. ഇത്തവണ ലഖ്‌നൗ ടീമിനായി അരങ്ങേറും മുമ്പ് ഡൽഹി ഡെയർഡെവിൾസ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായാണ് അമിത് മിശ്ര കളിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് ഹാട്രിക്കുള്ള എക ബോളറാണ് അമിത് മിശ്ര. 2008ൽ ഡെക്കാൻ ചാർജേഴ്‌സ്, 2011ൽ കിങ്സ് ഇലവൻ പഞ്ചാബ്, 2013ൽ പൂനെ റൈസിങ് വാരിയേഴ്‌സ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു താരത്തിന്‍റെ ഹാട്രിക് നേട്ടം. ഇപ്പോഴിതാ കളിക്കളത്തിലെ തന്‍റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അമിത് മിശ്ര.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇതു സംബന്ധിച്ച ചോദ്യത്തിനോടായിരുന്നു താരത്തിന്‍റെ പ്രതികരണം. പ്രത്യേകിച്ചൊന്നും ചെയ്യാറില്ലെന്നും എന്നാല്‍ വിക്കറ്റ് നന്നായി മനസിലാക്കി പന്തെറിയുകയാണ് താന്‍ ചെയ്യുന്നതെന്നാണ് മിശ്ര പറയുന്നത്.
"അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്‌തിട്ടില്ല, വിക്കറ്റ് നന്നായി മനസിലാക്കി പന്തെറിയാനാണ് എപ്പോഴും ശ്രമം നടത്താറുള്ളത്. എന്‍റെ പന്തുകള്‍ക്കെതിരെ ബാറ്റർമാർ കളിക്കുന്ന തരത്തിലുള്ള ഷോട്ടുകൾ ഞാന്‍ എപ്പോഴും വിശകലനം ചെയ്യാറുണ്ട്. അതില്‍ നിന്നാണ് എനിക്ക് കുറച്ച് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞത്", അമിത് മിശ്ര പറഞ്ഞു.
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനക്കാരനാണ് അമിത് മിശ്ര. 155 മത്സരങ്ങളില്‍ നിന്നും 168 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. 161 മത്സരങ്ങളിൽ നിന്നും 183 വിക്കറ്റുകൾ നേടിയിട്ടുള്ള വെസ്റ്റ് ഇൻഡീസ് താരം ഡ്വെയ്‌ൻ ബ്രാവോയാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 171 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചഹൽ, 170 വിക്കറ്റുകളുമായി ലസിത് മലിംഗ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 121 റണ്‍സായിരുന്നു നേടിയത്.
മറുപടിക്കിറങ്ങിയ ലഖ്‌നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 31 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലായിരുന്നു ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍. എന്നാല്‍ ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ടര്‍ മികവാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്. നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ താരം ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 23 പന്തില്‍ 34 റണ്‍സെടുത്തിരുന്നു.