മുംബൈ: സമീപകാലത്തായി തന്‍റെ കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് കെഎൽ രാഹുൽ കടന്നുപോകുന്നത്. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്‌ടമായ രാഹുല്‍ നിലവില്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നയിക്കുകയാണ്. ഐപിഎല്ലില്‍ കഴിഞ്ഞ വർഷം 616 റൺസുമായി ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന 32കാരനായ താരം.
പക്ഷേ, ഈ വര്‍ഷം കളിച്ച ആദ്യ നാല് മത്സരങ്ങളില്‍ 8, 20, 35, 18 എന്നിങ്ങനെയായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ലഖ്‌നൗവിന് വജയിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ ആകാശ് ചോപ്ര.
"ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഈ സീസണില്‍ രാഹുലിനെ അമിതമായി ആശ്രയിക്കുന്നില്ല. നേരത്തെ കളിച്ച മത്സരങ്ങളില്‍ രാഹുലിന് കാര്യമായ റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ലഖ്‌നൗ വിജയം നേടിയിരുന്നു. ക്വിന്‍റൺ ഡി കോക്ക് എത്തുന്നതോട് കൂടി ടീമിന്‍റെ ശക്തി വര്‍ധിക്കും. കൈൽ മേയേഴ്‌സിനാവും പുറത്ത് പോകേണ്ടി വരിക. മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പുരാനും ആയുഷ് ബദോനിയുമെല്ലാം ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്" - ചോപ്ര പറഞ്ഞു.
പഞ്ചാബിനെതിരെ 56 പന്തിൽ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 74 റൺസാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4,000 റണ്‍സ് എന്ന റെക്കോഡ് സ്വന്തമാക്കാനും രാഹുലിന് കഴിഞ്ഞിരുന്നു. നിലവില്‍ 105 ഇന്നിങ്‌സുകളില്‍ നിന്നും 4,044 റൺസാണ് രാഹുലിന്‍റെ അക്കൗണ്ടിലുള്ളത്.
ഇതോടെ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലാണ് പിന്നിലായത്. ഐപിഎല്ലില്‍ 4,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് 112 ഇന്നിങ്‌സുകളാണ് ഗെയ്‌ലിന് വേണ്ടി വന്നത്. നിലവിൽ ഡൽഹി കാപിറ്റൽസ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
128 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണര്‍ ഈ നേട്ടത്തിലെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയാണ് നാലാം സ്ഥാനത്ത്. 128 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി ഐപിഎല്ലില്‍ 4,000 റണ്‍സ് നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് അഞ്ചാമത്. 131 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
ക്യാപ്റ്റനായി 2000 റണ്‍സ്: പഞ്ചാബിനെതിരായ പ്രകടനത്തോടെ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിൽ 2,000 റൺസ് എന്ന നേട്ടത്തിലേക്കും രാഹുല്‍ എത്തി. അതിവേഗം ഈ നേട്ടത്തില്‍ എത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് രാഹുലിനുള്ളത്. 47 ഇന്നിങ്‌സുകളില്‍ നിന്നാണ് ക്യാപ്റ്റനെന്ന നിലയില്‍ രാഹുല്‍ ഐപിഎല്ലില്‍ 2,000 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് എത്തിയത്.
46 ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ തലപ്പത്തുള്ളത്. അതേസമയം, ഐപിഎല്ലില്‍ ഇതേവരെയായി 114 മത്സരങ്ങള്‍ക്കിറങ്ങിയ രാഹുല്‍, ലഖ്‌നൗവിനെക്കൂടാതെ പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 47.02 ശരാശരിയില്‍ 135.16 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സ് അടിച്ച് കൂട്ടിയിട്ടുള്ളത്. ടൂര്‍ണമെന്‍റില്‍ നാല് സെഞ്ചുറികള്‍ നേടിയ താരത്തിന്‍റെ പട്ടികയില്‍ 32 അര്‍ധ സെഞ്ചുറികളുമുണ്ട്.
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തോല്‍വി വഴങ്ങിയിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു പഞ്ചാബ് ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു ടീമിനെ മാന്യമായ നിലയില്‍ എത്തിച്ചത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 161 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അര്‍ധ സെഞ്ചുറിയുമായി സിക്കന്ദര്‍ റാസ (41 പന്തില്‍ 57) അടിത്തറയൊരുക്കിയപ്പോള്‍ ഷാരൂഖ് ഖാന്‍റെ (10 പന്തില്‍ 23) ഫിനിഷിങ് മികവായിരുന്നു സംഘത്തിന് വിജയം ഒരുക്കിയത്.