മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ തോല്‍വിയോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയത്. എംഎസ് ധോണിയെന്ന നായകന് കീഴിലിറങ്ങുന്ന സംഘം തുടര്‍ന്ന് മികച്ച മുന്നേറ്റമാണ് നടത്തിയത്. അഞ്ച് മത്സരങ്ങള്‍ കളിച്ച ടീം നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.
വമ്പന്‍ താരങ്ങളെല്ലാം പേരിനൊത്ത പ്രകടനം നടത്തുന്നത് ചെന്നൈയെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഓരോ മത്സരത്തിലും ബോളർമാർ കൂടുതല്‍ എക്‌സ്‌ട്രാ വഴങ്ങുന്നത് ടീമിനെ പ്രതിരോധത്തിലാക്കുന്നതാണ്. കഴിഞ്ഞ മത്സരങ്ങളില്‍ വൈഡുകളായും നോ-ബോളുകളായും ഏറെ എക്‌സ്‌ട്രാ റണ്‍സും ബോളുകളുമാണ് ചെന്നൈ ബോളര്‍മാര്‍ എതിര്‍ ടീമിന് സംഭാവന ചെയ്‌തിരുന്നു.
ഇക്കാര്യത്തെക്കുറിച്ച് ദീര്‍ഘമായി തന്നെ ചെന്നൈ നായകന്‍ എംഎസ് ധോണി സംസാരിച്ചിരുന്നു. ബോളര്‍മാര്‍ വൈഡും നോബോളും എറിയുന്നത് കുറയ്‌ക്കണമെന്നും അതുണ്ടായില്ലെങ്കില്‍ പുതിയ നായകന് കീഴില്‍ കളിക്കേണ്ടി വന്നേക്കാമെന്നുമായിരുന്നു ധോണി പറഞ്ഞത്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ മത്സത്തില്‍ ആറ് വൈഡുകളായിരുന്നു ചെന്നൈ താരങ്ങള്‍ എറിഞ്ഞത്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ ചെന്നൈ താരങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ബോളര്‍മാര്‍ ഭയാനകമായ രീതിയില്‍ വൈഡുകളും നോ ബോളുകളും എറിഞ്ഞ് ധോണിക്ക് വിലക്ക് ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നാണ് സെവാഗ് പറയുന്നത്.
ഇക്കാര്യത്തില്‍ ബോളര്‍മാര്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താതിനാല്‍ നിശ്ചിത സമയത്തിനുള്ളിൽ ഓവർ പൂർത്തിയാക്കുന്നതില്‍ ചെന്നൈ പ്രയാസപ്പെടുന്നുണ്ട്. ഇത് ആത്യന്തികമായി ധോണിയെ വിലക്കുന്നതിന് കാരണമാകും. ധോണിക്ക് ഇക്കാരണത്താല്‍ വിലക്ക് ലഭിക്കുകയാണെങ്കില്‍ ചെന്നൈയെ ദോഷകരമായി തന്നെ ബാധിക്കുമെന്നുമാണ് സെവാഗിന്‍റെ മുന്നറിയിപ്പ്.
"ധോണി സന്തോഷവാനല്ലെന്ന് ഉറപ്പാണ്. കാരണം ബോളർമാർ നോ-ബോളുകളുടെയും വൈഡുകളുടെയും എണ്ണം കുറയ്ക്കണമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ അവര്‍ക്ക് ഒരു ഓവര്‍ കൂടുതല്‍ എറിയേണ്ടി വന്നു.
അതു പാടില്ല. ധോണിക്ക് വിലക്ക് ലഭിക്കുകയും ക്യാപ്റ്റനില്ലാതെ ചെന്നൈ കളത്തിലിറങ്ങുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് അത് പോകരുത്. കാൽമുട്ടിന് പരിക്കേറ്റതിനാൽ, എന്തായാലും സീസണിലെ മുഴുവന്‍ മത്സരങ്ങളും ധോണിക്ക് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
പക്ഷെ അതിനായുള്ള ഏല്ലാ പരിശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ ബോളര്‍മാര്‍ ഇത്തരത്തില്‍ വൈഡുകളും നോ-ബോളുകളും എറിയുന്നത് തുടര്‍ന്നാല്‍ ധോണിക്ക് വിശ്രമം ലഭിക്കും", സെവാഗ് പറഞ്ഞു.
അതേസമയം ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ചെന്നൈക്ക് എട്ട് റണ്‍സിന്‍റെ വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 226 റണ്‍സാണ് നേടിയത്. ബാംഗ്ലൂരിന്‍റെ മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും ചെന്നൈയുടെ ബോളിങ് അത്ര മികച്ചതായിരുന്നില്ലെന്നും, ബോളിങ് യൂണിറ്റിന്‍റെ പ്രകടനം ടീം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
ALSO READ: IPL 2023 | അതിരുകടന്ന ആവേശം; വിരാട് കോലിക്ക് പിഴ ശിക്ഷ