ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 144 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 143 റണ്‍സെടുത്തത്. അപരാജിതനായി പൊരുതിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സാണ് പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ മായങ്ക് മാർക്കണ്ഡെയുടെ പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിന് മൂക്കുകയറിട്ടത്. മാർക്കോ ജാൻസെനും ഉമ്രാന്‍ മാലിക്കും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 66 പന്തില്‍ 99 റണ്‍സടിച്ചാണ് ധവാന്‍ പുറത്താവാതെ നിന്നത്. 15 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതാണ് പഞ്ചാബ് ഓപ്പണറുടെ ഇന്നിങ്‌സ്. 15 പന്തില്‍ 22 റണ്‍സ് നേടിയ സാം കറനാണ് രണ്ടക്കം തൊട്ട മറ്റൊരു താരം.
ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിക്കുന്ന തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ മാത്യു ഷോർട്ടിനെയും (3 പന്തില്‍ 1) തുടര്‍ന്ന് തന്‍റെ രണ്ടാം ഓവറില്‍ ജിതേഷ് ശര്‍മയേയും (9 പന്തില്‍ 4) മാർക്കോ ജാൻസന്‍ മടക്കിയതോടെ സംഘം പ്രതിരോധത്തിലായി.
ഈ സമയം 3.5 ഓവറില്‍ വെറും 22 റണ്‍സ് മാത്രമായിരുന്നു പഞ്ചാബ് ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച ശിഖര്‍ ധവാനും സാം കറനും സംഘത്തിന് പ്രതീക്ഷ നല്‍കി. സ്‌കോര്‍ 63 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം ഓവറിന്‍റെ അഞ്ചാം പന്തില്‍ കറനെ ഭുവനേശ്വര്‍ കുമാറിന്‍റെ കയ്യിലെത്തിച്ച് മായങ്ക് മാർക്കണ്ഡെ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി.
നാലാം വിക്കറ്റില്‍ 41 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. തുടര്‍ന്നെത്തിയ സിക്കന്ദര്‍ റാസ (6 പന്തില്‍ 5), ഹര്‍പ്രീത് ബ്രാര്‍ (2 പന്തില്‍1), ഷാരൂഖ് ഖാന്‍(3 പന്തില്‍ 4), രാഹുല്‍ ചഹാര്‍ (8 പന്തില്‍ 0), നഥാന്‍ എല്ലിസ് (5 പന്തില്‍ 0) എന്നിവര്‍ വന്ന പാടെ മടങ്ങിയതോടെ പഞ്ചാബ് 15 ഓവറില്‍ ഒമ്പതിന് 88 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
തുടര്‍ന്നെത്തിയെ മോഹിത് റാത്തി (2 പന്തില്‍ 1*) ഒരറ്റത്ത് നിര്‍ത്തിയാണ് ധവാന്‍ പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പിരിയാത്ത അവസാന വിക്കറ്റില്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു മോഹിത് റാത്തും ധവാനും നേടിയത്.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിങ്, മാത്യു ഷോർട്ട്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, നഥാൻ എല്ലിസ്, മോഹിത് റാത്തി, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്, ടി നടരാജൻ.