മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് 14 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. മത്സരത്തിന്‍റെ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഹൈദരാബാദിന് വിജയത്തിന് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിയാന്‍ അർജുൻ ടെണ്ടുൽക്കറിനെയായിരുന്നു മുംബൈ നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്.
രോഹിത്തിന്‍റെ പ്രതീക്ഷ കാത്ത അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അഞ്ച് റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഓവറിന്‍റെ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കയ്യിലെത്തിച്ച താരം ഐപിഎല്ലിലെ തന്‍റെ കന്നി വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ 23കാരനെ അഭിനന്ദിച്ച് നിലവിലെ താരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
സമ്മര്‍ദ സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്‌ത അര്‍ജുനെ ഇനി രോഹിത്തിന് ഡെത്ത് ഓവറുകളില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കാം എന്നുവരെ ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്‌തു. എന്നാല്‍ അര്‍ജുനെ ഒരു ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന് വിളിക്കാന്‍ ആയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ താരവും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ കോച്ചുമായിരുന്ന ടോം മൂഡി.
ഒരു മത്സരത്തിലെ പ്രകടനത്തിന്‍റെ പേരില്‍ താരത്തിന് ഇത്തരമൊരു വിശേഷണം നല്‍കുന്നത് അല്‍പ്പം കടന്ന കയ്യാണെന്നാണ് ടോം മൂഡി പറഞ്ഞുവയ്‌ക്കുന്നത്. "സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിന്‍റെ അവസാന ഓവറിലെ അവന്‍റെ പ്രകടനം നോക്കുമ്പോള്‍ അതു മികച്ചതായിരുന്നു. ശരിയായ ലൈനിലും ലെങ്‌ത്തിലുമാണ് അവന്‍ പന്തെറിഞ്ഞത്.
ഫീല്‍ഡ് സെറ്റ് ചെയ്‌തതിന് അനുസരിച്ച് പന്തെറിയാനും അവന് സാധിച്ചു. അവന്‍റെ ചില പന്തുകള്‍ യോര്‍ക്കറിന് അടുത്തായിരുന്നു. അർജുൻ ടെണ്ടുൽക്കർ തന്‍റെ ഡെത്ത് ഓവര്‍ ബോളർമാരിൽ ഒരാളാകുമെന്ന് ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ രോഹിത് ആസൂത്രണം ചെയ്‌തിരിക്കില്ല. കാരണം ഇരുവര്‍ക്കും ഏറെ സമ്മര്‍ദം നല്‍കുന്ന കാര്യമാണത്", 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ടോം മൂഡി പറഞ്ഞു.
സാഹചര്യത്തിനനുസരിച്ച് അർജുനെ മധ്യ ഓവറുകളിൽ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ന്യൂ ബോളില്‍ പന്തെറിയാനുള്ള അവസരമാണ് അര്‍ജുന് ലഭിച്ചത്. സാഹചര്യത്തിനനുസരിച്ച് മധ്യ ഓവറുകളിൽ എവിടെയെങ്കിലും പന്തെറിയുന്നതിനുള്ള സാധ്യതയാണ് ഞാന്‍ അര്‍ജുനില്‍ കാണുന്നത്.
സണ്‍റൈസേഴ്‌സിനെതിരായ പ്രകടനത്തിന്‍റെ പേരില്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ അവന് കഴിഞ്ഞേക്കും. എന്നാല്‍ വാലറ്റക്കാര്‍ക്ക് നേരെയാണ് അവന്‍ പന്തെറിഞ്ഞത്. പ്രതിരോധിക്കാന്‍ 20 റണ്‍സും ഉണ്ടായിരുന്നു.
അവന്‍ മികച്ച രീതിയില്‍ തന്നെയാണ് പന്തെറിഞ്ഞതെന്ന് നമ്മള്‍ കണ്ടതുമാണ്. പക്ഷേ തീർച്ചയായും അവനൊരു ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് അല്ല", ടോം മൂഡി വ്യക്തമാക്കി.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സാണ് നേടിയത്. കാമറൂണ്‍ ഗ്രീനിന്‍റെ അര്‍ധ സെഞ്ചുറിയാണ് ടീമിന് നിര്‍ണായകമായത്. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ട് ആയി. 41 പന്തില്‍ 48 റൺസെടുത്ത മായങ്ക് അഗർവാളായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
ALSO READ: 'അക്കാര്യത്തില്‍ സഞ്‌ജു ധോണിയെപ്പോലെ'; വമ്പന്‍ പ്രശംസയുമായി ഹര്‍ഭജന്‍ സിങ്