ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ വമ്പന്‍ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഏറെ നിര്‍ണായകമായ മത്സരത്തില്‍ 112 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതുണ്ടായിരുന്ന രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് വീണു.
മറുവശത്താവാട്ടെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്‌തു. സീസണില്‍ ആദ്യം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിക്കാന്‍ സഞ്‌ജു സാംസണിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കളിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞതെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഇപ്പോഴിതാ സീസണിലെ മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ സഞ്‌ജു സാംസണ്‍. തന്‍റെ പക്കല്‍ അതിനുള്ള ഉത്തരമില്ലെന്നാണ് സഞ്‌ജു പറഞ്ഞിരിക്കുന്നത്.
"യഥാർഥത്തിൽ അതൊരു വലിയ ചോദ്യമാണ്. എവിടെയാണ് തെറ്റ് പറ്റിയത്, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്‍റെ പക്കല്‍ ഉത്തരമില്ല. ക്ഷമിക്കണം", സഞ്‌ജു സാംസൺ പറഞ്ഞു.
"ഐപിഎല്ലിന്‍റെ സ്വഭാവം നമുക്കെല്ലാവർക്കും അറിയാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുമെന്നും. ലീഗ് ഘട്ടങ്ങളുടെ അവസാനത്തിൽ പലപ്പോഴും തമാശയും രസകരവുമായ കാര്യങ്ങൾ സംഭവിക്കുന്നു. നമ്മൾ ശക്തരായിരിക്കണം, പ്രൊഫഷണലായിരിക്കണം.
ധര്‍മ്മശാലയില്‍ നടക്കുന്ന അടുത്ത മത്സരത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കേണ്ടതുണ്ട്. പ്രതീക്ഷകൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ പരമാവധി ശ്രമം നടത്തേണ്ടതുണ്ട്", സഞ്‌ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജസ്ഥാന്‍റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 172 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (54) എന്നിവരുടെ അര്‍ധ സെഞ്ചുറിയായിരുന്നു ടീമിന് തുണയായത്. അവസാന ഓവറുകളില്‍ മിന്നിയ അനൂജ് റാവത്തും (11 പന്തില്‍ 29) നിര്‍ണായകമായി. രാജസ്ഥാനായി മലയാളി താരം കെഎം ആസിഫ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
ALSO READ: IPL 2023 | 'ധോണി ഇപ്പോഴും പഴയ ധോണി, കളിക്കളത്തില്‍ താരം ഇനിയും തുടരണം': ഹര്‍ഭജന്‍ സിങ്
മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 19 പന്തുകളില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്‌കോറര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മൈക്കല്‍ ബ്രേസ്‌വെല്‍, കർൺ ശർമ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്.
ALSO READ: '18 കോടിയുടെ ആ മൊതല്‍ എന്തുചെയ്‌തു?'; സാം കറനെ കടന്നാക്രമിച്ച് വിരേന്ദർ സെവാഗ്