ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജേസണ്‍ റോയ് ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
റോയ്‌ക്ക് പുറമെ ക്യപ്റ്റന്‍ നിതീഷ് റാണ, വെങ്കടേഷ് അയ്യര്‍ എന്നിവരും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിങ്കു സിങ്ങും ഡേവിഡ് വീസുമാണ് കൊല്‍ക്കത്തയെ മികച്ച നിലയില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ എന്‍ ജഗദീശനും ജേസണ്‍ റോയിയും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്.
പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 66 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ജഗദീശന്‍ പതിഞ്ഞ് കളിച്ചപ്പോള്‍ ഇതില്‍ 48 റണ്‍സും പിറന്നത് റോയിയുടെ ബാറ്റില്‍ നിന്നാണ്. പിന്നാലെ 22 പന്തുകളില്‍ നിന്നും റോയ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ജഗദീശനെ വീഴ്‌ത്തിയാണ് ബാംഗ്ലൂര്‍ പൊളിക്കുന്നത്. 29 പന്തില്‍ 27 നേടിയ എന്‍ ജഗദീശനെ ഡേവിഡ് വില്ലി പിടികൂടുകയായിരുന്നു. വിജയകുമാര്‍ വൈശാഖിനായിരുന്നു വിക്കറ്റ്.
ഓവറിന്‍റെ അവസാന പന്തില്‍ റോയിയേയും വിജയകുമാര്‍ വൈശാഖ് തിരിച്ച് കയറ്റി. 29 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 56 റണ്‍സ് നേടിയ റോയിയുടെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. 88 റണ്‍സായിരുന്നു ഈ സമയം കൊല്‍ക്കത്തയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും 16-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ കൊല്‍ക്കത്തയെ 150 റണ്‍സില്‍ എത്തിച്ചു. 18-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ നിതീഷ് റാണയെ (21 പന്തില്‍ 48) മടക്കിയ ഹസരങ്കയാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ട് പന്തുകള്‍ക്കപ്പുറം വെങ്കടേഷ് അയ്യരും (26 പന്തില്‍ 31) മടങ്ങി.
മുഹമ്മദ് സിറാജ് എറിഞ്ഞ 19-ാം ഓവറിന്‍റെ ആദ്യ അഞ്ച് പന്തുകളില്‍ നിന്നും റിങ്കു സിങ് 15 റണ്ണടിച്ചു. എന്നാല്‍ അവസാന പന്തില്‍ ആന്ദ്രേ റസലിന്‍റെ (2 പന്തില്‍ 1) കുറ്റി തെറിപ്പിക്കാന്‍ ബാംഗ്ലൂര്‍ പേസര്‍ക്ക് ആയി. ഒടുവില്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20-ാം ഓവറില്‍ ഡേവിഡ് വീസും റിങ്കു സിങ്ങും ചേര്‍ന്ന് 15 റണ്‍സ് നേടിയതോടെയാണ് കൊല്‍ക്കത്ത 200-ല്‍ എത്തിയത്.
10 പന്തില്‍ 18 റണ്‍സുമായി റിങ്കുവും 3 പന്തില്‍ 12 റണ്‍സുമായി വീസും പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി വിജയകുമാര്‍ വൈശാഖ്, ഹസരങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.
ALSO READ: IPL 2023| രാഹുലോ കോലിയോ രോഹിത്തോ?; ഓറഞ്ച് ക്യാപ്പ് ജേതാവിനെ പ്രവചിച്ച് അനന്യ പാണ്ഡെ