ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം നടക്കുക. സീസണിലെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
കളിച്ച ഏഴില്‍ നാല് വിജയങ്ങളുള്ള ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച സംഘം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. അവസാന മത്സരത്തില്‍ പോയിന്‍റ് ടോപ്പേഴ്‌സായിരുന്ന രാജസ്ഥാന്‍ റോയല്‍സിനെയായിരുന്നു ബാംഗ്ലൂര്‍ കീഴടക്കിയത്.
സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പകരം വിരാട് കോലിക്ക് കീഴിലാണ് ടീം നിലവില്‍ കളിക്കുന്നത്. പന്തുകൊണ്ട് ഡുപ്ലെസിസിന് വാരിയെല്ലിന് പരിക്കേറ്റതോടെയാണ് വിരാട് കോലി പകരക്കാരനായത്. ഏതാനും മത്സരത്തില്‍ കൂടി ടീമിന്‍റെ നായകനായി ഉണ്ടാവുമെന്ന് കോലി അറിയിച്ചിരുന്നു.
പരിക്കേറ്റുവെങ്കിലും ഇംപാക്‌ട് പ്ലെയറായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്. ഡുപ്ലെസിസിനെ കൂടാതെ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ മിന്നും ഫോമും കൊല്‍ക്കത്തയ്‌ക്ക് വെല്ലുവിളിയാവും. ബോളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും വാനിന്ദു ഹസരംഗയും നന്നായി പന്തെറിയുന്നത് ടീമിന്‍റെ പ്രതീക്ഷ ഏറ്റുന്നതാണ്.
മറുവശത്ത് കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ്. അവസാനം കളിച്ച നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയാണ് ടീം എത്തുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനാവും കൊല്‍ക്കത്ത ബാംഗ്ലൂരിനെതിരെ ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്.
നായകന്‍ നിതീഷ് റാണയുടെ സ്ഥിരതയില്ലായ്‌മയും പ്രധാന വിദേശ താരങ്ങളായ ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ഫോമിലേക്ക് ഉയരാത്തത് കൊല്‍ക്കത്തയ്‌ക്ക് തലവേദനയാണ്. ജേസണ്‍ റോയ് റണ്‍സ് നേടിത്തുടങ്ങിയത് ടീമിന് ആശ്വാസം നല്‍കുന്നതാണ്. വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ ബാറ്റില്‍ വലിയ പ്രതീക്ഷയാണ് സംഘത്തിനുള്ളത്. ബോളിങ് യൂണിറ്റില്‍ വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, സുയാഷ് ശര്‍മ എന്നിവരുടെ പ്രകടം കൊല്‍ക്കത്തയ്‌ക്ക് ഏറെ നിര്‍ണായകമാണ്.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. പിച്ചിന്‍റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ പോരാട്ടത്തിലും ഉയര്‍ന്ന സ്‌കോര്‍ തന്നെ പ്രതീക്ഷിക്കാം. ഇതോടെ ടോസ് നേടുന്ന ടീം ബോളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (സാധ്യത ഇലവന്‍): വിരാട് കോലി (ക്യാപ്റ്റന്‍), ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍) , മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വില്ലി, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, വിജയ്‌കുമാർ വൈശാഖ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (സാധ്യത ഇലവന്‍): എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ലോക്കി ഫെർഗൂസൺ, കുൽവന്ത് ഖെജ്‌രോലിയ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
ALSO READ: രോഹിത് അസ്വസ്ഥനാണ്; ഐപിഎല്ലില്‍ നിന്നും ഇടവേള എടുക്കണം: സുനില്‍ ഗവാസ്‌കര്‍