മുംബൈ: സമീപകാലത്തായി മോശം ഫോമിലൂടെയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കടന്നുപോകുന്നത്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ 32കാരനായ സൂര്യകുമാറിന് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിന് തൊട്ട് മുമ്പെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന ഏകദിന പരമ്പരയില്‍ ദയനീയമായ പ്രകടനമാണ് സൂര്യ നടത്തിയത്.
കളിച്ച മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായിരുന്നു താരം. തുടര്‍ന്ന് ഐപിഎല്ലിനിറങ്ങിയപ്പോഴും തന്‍റെ പേരിനൊത്ത പ്രകടനം നടത്താന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച രണ്ട് മത്സരങ്ങളില്‍ 15, 1 എന്നിങ്ങനെയാണ് താരം നേടിയത്.
ഇപ്പോഴിതാ കളിക്കളത്തില്‍ താളം കണ്ടെത്താനാവാതെ വലയുന്ന സൂര്യയ്‌ക്ക് വമ്പന്‍ ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി. സൂര്യകുമാര്‍ യാദവ് തന്‍റെ ഇന്നിങ്‌സ് കൂടുതൽ ക്ഷമയോടെ വേണം തുടങ്ങാനെന്നാണ് രവി ശാസ്‌ത്രിയുടെ നിര്‍ദേശം. സൂര്യയ്‌ക്ക് ഉടനെ ഫോമിലേക്ക് മടങ്ങിയെത്താനാവുമെന്നും ശാസ്‌ത്രി പറഞ്ഞു.
"തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ടാകും, അവന് ഉടനെ തന്നെ അതു കാണാന്‍ കഴിയും. അതുകണ്ടു കഴിഞ്ഞാല്‍, പരമാവധി പ്രയോജനപ്പെടുത്താനും താരത്തിനാവും. അതിനാല്‍ അവനോടുള്ള എന്‍റെ നിര്‍ദേശം ടി20 ക്രിക്കറ്റാണെങ്കിലും, ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ കുറച്ച് സമയം നൽകുക എന്നതാണ്", ശാസ്‌ത്രി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
അന്താരാഷ്‌ട്ര ടി20യില്‍ 175-ലധികം സ്‌ട്രൈക്ക് റേറ്റുള്ള സൂര്യ തുടക്കം തൊട്ട് ആക്രമിച്ച് കളിക്കുന്ന താരമാണ്. എന്നാല്‍ ക്രീസില്‍ കാലുറപ്പിച്ച് വേണം ആക്രമണത്തിലേക്ക് കടക്കാനെന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. "ഒരു മികച്ച ഹിറ്റിലൂടെ അവന് ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. അതിനായി ഒരല്‍പ്പം സമയം ക്രീസില്‍ ചിലവഴിക്കേണ്ടതുണ്ട്. അതിനായി ഇരുപതോ-മുപ്പതോ മിനിട്ടുകള്‍ എടുക്കരുത്. ആറോ -എട്ടോ പന്തുകളാവാം", രവി ശാസ്‌ത്രി പറഞ്ഞു.
നേരത്തെ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകന്‍ മാർക്ക് ബൗച്ചറും സൂര്യകുമാറിന് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിനെ പറ്റി സംസാരിച്ചിരുന്നു. ഉടന്‍ തന്നെ തന്‍റെ മികവിലേക്ക് സൂര്യയ്‌ക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ബൗച്ചറുടെ വാക്കുകള്‍.
"സൂര്യ അങ്ങേയറ്റം കഴിവുള്ള ഒരു ക്രിക്കറ്ററാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരിലൊരാളാണ്, അല്ലെങ്കിലും ഏറ്റവും മികച്ച താരം. ഉടന്‍ തന്നെ താരത്തിന് തന്‍റെ മികവിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവന്‍റെ മേൽ വളരെയധികം സമ്മർദം ചെലുത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം രീതിയില്‍ പുതിയ വെല്ലുവിളികൾ നേരിടാന്‍ അവനെ ഞങ്ങള്‍ പൂര്‍ണമായി പിന്താങ്ങുന്നു", മാര്‍ക്ക് ബൗച്ചർ പറഞ്ഞു.
അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാന്‍ ഇറങ്ങുകയാണ്. ഡല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളും തോല്‍വി വഴങ്ങിയ ഡല്‍ഹിയും രണ്ട് മത്സരങ്ങളും തോറ്റ മുംബൈയും സീസണിലെ ആദ്യ വിജയമാണ് തേടുന്നത്.
ALSO READ: IPL 2023 | 'വാത്തി ഈസ് ഹിയര്‍'; എംഎസ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍