കൊല്‍ക്കത്ത: ഐപിഎല്ലിലെ പ്ലേഓഫ് സാധ്യതകൾ സജ്ജീവമാക്കി പഞ്ചാബിനെതിരെ തകർപ്പൻ ജയവുമായി കൊല്‍ക്കത്ത. ഈഡന്‍ ഗാര്‍ഡനില്‍ തങ്ങളുടെ കാണികളെ സാക്ഷിയാക്കി പഞ്ചാബ് കിങ്‌സിനെ 5 വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത നിര്‍ണായക മത്സരത്തിലെ ജയം സ്വന്തമാക്കിയത്. കരുതലോടെയും മികച്ച രീതിയിലും ബാറ്റുവീശിയ നായകന്‍ നിതീഷ് റാണയാണ് കൊല്‍ക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ കൊൽക്കത്ത 10 പോയിൻ്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.
പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഉന്നംവച്ചിറങ്ങിയ കൊല്‍ക്കത്ത കരുതലോടെയാണ് ബാറ്റുവീശിയത്. പവര്‍പ്ലേയിലെ വിക്കറ്റ് വീഴ്‌ച ഒഴിവാക്കി വിജയം അനായാസമാക്കുക തന്നെയായിരുന്നു കൊല്‍ക്കത്തയുടെ ലക്ഷ്യം. ഓപ്പണര്‍മാരായി ഇറങ്ങിയ ജേസന്‍ റോയിയും റഹ്മാനുള്ള ഗുര്‍ബാസും ഇതറിഞ്ഞുതന്നെയാണ് ക്രീസിലുറച്ചത്. ആദ്യ ഓവറുകളില്‍ തന്നെ ബൗണ്ടറികള്‍ പായിച്ച് മത്സരം നേടുകയല്ലാതെ മറ്റ് ചിന്തകള്‍ തങ്ങള്‍ക്കില്ലെന്ന് കൊല്‍ക്കത്തന്‍ ഓപ്പണര്‍മാര്‍ വ്യക്തമാക്കി.
റോയിയും ഗുര്‍ബാസും മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്. ഇരുവരും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത പത്ത് വിക്കറ്റിന്‍റെ വിജയം നേടുമെന്ന പ്രതീക്ഷയും ആരാധകരിലുണര്‍ന്നു. എന്നാല്‍ ഗുര്‍ബാസിനെ മടക്കി നാഥന്‍ എല്ലിസ് ഈ കൂട്ടുകെട്ട് പൊളിച്ചു. 12 പന്തില്‍ ഓരോ സിക്‌സും ബൗണ്ടറികളുമായി 15 റണ്‍സ് പവര്‍പ്ലേയില്‍ എഴുതിച്ചേര്‍ത്താണ് ഗുര്‍ബാസ് മടങ്ങിയത്.
പിന്നാലെയെത്തിയ നായകന്‍ നിതീഷ് റാണ ജോസന്‍ റോയിക്ക് മികച്ച പിന്തുണ നല്‍കി. ഇതോടെ കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. എന്നാല്‍ ഹര്‍പ്രീത് ബ്രാറിന്‍റെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കി ജേസന്‍ റോയി മടങ്ങി. 24 പന്തില്‍ എട്ട് ബൗണ്ടറികളുമായി 38 റണ്‍സ് നേടിയാണ് റോയ് കളംവിട്ടത്. ഇതോടെ 7.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിലായി കൊൽക്കത്ത. എന്നാൽ തുടർന്ന് ക്രീസിലെത്തിയ നായകൻ നിതീഷ് റാണ കൊൽക്കത്തൻ സ്കോർ ഉയർത്തി.
വെങ്കിടേഷ് അയ്യരെ ഒരു വശത്ത് നിർത്തി കളം നിറഞ്ഞ് കളിച്ച റാണ ടീം സ്കോർ 100 കടത്തി. ഇതിനിടെ ടീം സ്കോർ 115ൽ നിൽക്കെ വെങ്കിടേഷിനെ (11) കൊൽക്കത്തയ്ക്ക് നഷ്ടമായി. പിന്നാലെ അർധ സെഞ്ച്വറി പിന്നിട്ടയുടനെ നായകൻ നിതീഷ് റാണയും (38 പന്തിൽ 51) പുറത്തായി. ഇതോടെ കൊൽക്കത്ത 15.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലായി.
റിങ്കു- റാണ ഷോ: ഇതോടെ 28 പന്തിൽ 56 റൺസായി ടീമിൻ്റെ വിജയ ലക്ഷ്യം. എന്നാൽ തുടർന്ന് ക്രീസിലെത്തിയ വമ്പനടിക്കാരായ ആന്ദ്രേ റസലും റിങ്കു സിങും ചേർന്ന് കളിയാകെ മാറ്റുകയായിരുന്നു. കൊൽക്കത്തൻ ബോളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. സാം കറൻ എറിഞ്ഞ 18-ാം ഓവറിൽ മൂന്ന് സിക്സുകളാണ് റസൽ നേടിയത്. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 7 റൺസായി ചുരുങ്ങി.
എന്നാൽ അവസാന ഓവർ എറിയാനെത്തിയ അർഷ്ദീപ് സിങ് അനായാസ ജയം ലക്ഷ്യമിട്ട കൊൽക്കത്തക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ആദ്യ പന്ത് ഡോട്ട് ബോൾ ആവുകയും രണ്ടും മൂന്നും പന്തുകളിൽ ഓരോ റൺസ് വീതം നേടാനുമേ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളു. നാലാം പന്തിൽ രണ്ട് റൺസ് നേടിയെങ്കിലും അഞ്ചാം പന്തിൽ റസൽ റൺഔട്ട് ആയി. 23 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 42 റൺസ് നേടിയാണ് റസൽ പുറത്തായത്.
ഇതോടെ അവസാന പന്തിൽ രണ്ട് റൺസായി കൊൽക്കത്തൻ വിജയ ലക്ഷ്യം. എന്നാൽ ഫുൾടോസ് ആയി വന്ന പന്ത് അതിർത്തി കടത്തി റിങ്കു സിങ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. റിങ്കു സിങ് 10 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി രാഹുൽ ചഹാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹർപ്രീത് ബ്രാർ, നാഥൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും നേടി.
മുന്നിൽ നയിച്ച് ധവാൻ: ടോസ് വിജയിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സ് നേടാനായത്. ഇതില്‍ തന്നെ ഒരു സിക്‌സറും ഒമ്പത് ബൗണ്ടറികളുമുള്‍പ്പടെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ശിഖര്‍ ധവാനാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ ആശ്വാസത്തിന് വക നല്‍കിയത്.
ഓപ്പണര്‍മാരായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ്ങും നായകന്‍ ശിഖര്‍ ധവാനും ടീമിന് മികച്ച അടിത്തറ നല്‍കാന്‍ ശ്രമിച്ചു. ഇത് സാധ്യമാക്കാന്‍ ആദ്യ ഓവറിലെ രണ്ടാം പന്ത് മുതല്‍ ബൗണ്ടറി നേടി ആക്രമിച്ച് കളിക്കല്‍ തന്നെയാണ് ഉദ്ദേശമെന്നും പഞ്ചാബ് വ്യക്തമാക്കി. എന്നാല്‍ നിലയുറപ്പിക്കും മുമ്പേ പ്രഭ്‌സിമ്രാന്‍ സിങ്ങ് മടങ്ങി. രണ്ടാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗുര്‍ബീസിന് ക്യാച്ച് നല്‍കിയായിരുന്നു പ്രഭ്‌സിമ്രാന്‍ മടങ്ങിയത്. എട്ട് പന്തുകളില്‍ മൂന്ന് ബൗണ്ടറികളുമായി 12 റണ്‍സായിരുന്നു പ്രഭ്‌സിമ്രാന്‍റെ സമ്പാദ്യം.
പഞ്ചാബിന്‍റെ മത്സരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മാത്യു ഷോര്‍ട്ടിനെ പുറത്തിരുത്തി പകരക്കാരനായിറങ്ങിയ ഭാനുക രജപക്‌സെ സംപൂജ്യനായി മടങ്ങി. തുടര്‍ന്നെത്തിയ ലിയാം ലിവിങ്‌സറ്റണ്‍ തുടക്കം മുതല്‍ ആക്രമിച്ച് ബാറ്റ് ചെയ്യുമെന്ന പ്രതീക്ഷ പഞ്ചാബ് ആരാധകര്‍ക്ക് നല്‍കിയെങ്കിലും 15 റണ്‍സ് മാത്രം ടീം സ്‌കോര്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ത്ത് ലിവിങ്‌സറ്റണും മടങ്ങി. ഒമ്പത് പന്തുകളില്‍ നാല് ബൗണ്ടറികളുമായി നിന്ന ലിവിങ്‌സറ്റണെ വരുണ്‍ ചക്രവര്‍ത്തിയാണ് മടക്കിയത്.
പകരമെത്തിയ ജിതേഷ് ശര്‍മ ധവാന് മികച്ച പിന്തുണ നല്‍കിയതോടെ പഞ്ചാബിന്‍റെ സ്‌കോര്‍ ബോര്‍ഡില്‍ അനക്കം വച്ചു. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തൊട്ടടുത്ത ഓവറില്‍ ജിതേഷും മടങ്ങി. 18 പന്തില്‍ 21 റണ്‍സ് എഴുതിച്ചേര്‍ത്താണ് ജിതേഷ് ശര്‍മ കൂടാരം കയറിയത്. വൈകാതെ ശിഖര്‍ ധവാനും മടങ്ങി. എന്നാല്‍ 47 പന്തില്‍ നിന്ന് 57 റണ്‍സുമായി ക്യാപ്‌റ്റന്‍ ഇന്നിങ്‌സ് കാഴ്‌ചവച്ചാണ് ധവാന്‍ തിരിച്ചുനടന്നത്.
തന്‍റെ അടുത്ത വരവില്‍ വരുണ്‍ ചക്രവര്‍ത്തി റിഷി ധവാനെയും മടക്കി. സാം കറന്‍ നാല് റണ്‍സ് മാത്രം നേടി മടങ്ങിയതോടെ പഞ്ചാബിന്‍റെ സ്‌കോര്‍ 150 ന് താഴെ നില്‍ക്കുമെന്ന പ്രതീതിയുമുണ്ടായി. എന്നാല്‍ ഇരു എന്‍ഡുകളിലുമായി അവസാനവട്ട തട്ടുപൊളിപ്പന്‍ ബാറ്റിങ്ങുമായി ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.
ഒമ്പത് പന്തുകളില്‍ നിന്ന് ഒരു സിക്‌സും രണ്ട് ബൗണ്ടറിയുമാണ് ഹര്‍പ്രീത് ബ്രാര്‍ നേടിയത്. എട്ട് പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമായി ഷാരൂഖ് ഖാനും കരുത്തുകാട്ടി. കൊല്‍ക്കത്തയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും, ഹര്‍ഷിത് റാണ രണ്ടും, സുയാഷ്, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.