ഗുവാഹത്തി: പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. കൈവിരലിന് പരിക്കേറ്റ ടീമിന്‍റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍ക്ക് ഡല്‍ഹി കാപിറ്റല്‍സിനെതിരായ അടുത്ത മത്സരം നഷ്‌ടമായേക്കും. ഗുവാഹത്തിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ബട്‌ലറിന് പരിക്കേറ്റത്.
പഞ്ചാബ് കിങ്‌സ് താരം ഷാരൂഖ് ഖാനെ പുറത്താക്കിയ ക്യാച്ച് കൈപ്പിടിയിലൊതുക്കുന്നതിനിടെയാണ് ബട്‌ലര്‍ക്ക് പരിക്കേറ്റത്. ജേസന്‍ ഹോള്‍ഡര്‍ എറിഞ്ഞ മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു ഇത്. തുടര്‍ന്ന് ഇന്നിങ്‌സ് ബ്രേക്കില്‍ ബട്‌ലറിന് കയ്യില്‍ തുന്നലിടേണ്ടി വന്നിരുന്നു.
ബട്‌ലറിന്‍റെ കൈക്ക് മുറിവ് സംഭവിച്ച സാഹചര്യത്തില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം രവിചന്ദ്ര അശ്വിനായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. എന്നാല്‍ മത്സരത്തില്‍ ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ മൂന്നാമനായി ബട്‌ലര്‍ ക്രീസിലെത്തി.
11 പന്ത് നേരിട്ട ബട്‌ലര്‍ 19 റണ്‍സ് നേടിയാണ് പുറത്തായത്. നാഥന്‍ എല്ലിസായിരുന്നു രാജസ്ഥാന്‍ സ്റ്റാര്‍ ഓപ്പണറുടെ വിക്കറ്റ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ സ്‌കോര്‍ 57-ല്‍ നില്‍ക്കെയായിരുന്നു ബട്‌ലറുടെ പുറത്താകല്‍.
മത്സരശേഷം നടന്ന പ്രസന്‍റേഷന്‍ ചടങ്ങിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഇംഗ്ലീഷ് ബാറ്ററുടെ പരിക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അശ്വിന്‍ എന്തുകൊണ്ടായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തതെന്ന ചോദ്യത്തിനായിരുന്നു സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. 'ഫീല്‍ഡ് ചെയ്യുന്നതിനിടെ ജോസ് ബട്‌ലറുടെ കൈക്ക് ചെറിയ പരിക്ക് പറ്റി.
ടീം ഫിസിയോമാര്‍ക്ക് അദ്ദേഹത്തെ ചികിത്സിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് അശ്വിന്‍ ഭായി ടീമിന് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്' എന്നായിരുന്നു സഞ്‌ജു പറഞ്ഞത്. ബട്‌ലര്‍ക്ക് പകരം രാജസ്ഥാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത അശ്വിന് മത്സരത്തില്‍ സംപൂജ്യനായി മടങ്ങാനായിരുന്നു വിധി.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 197 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (86) പ്രഭ്‌സിമ്രാന്‍ (60) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു സന്ദര്‍ശകരായ പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ രാജസ്ഥാന്‍ പോരാട്ടം 192 റണ്‍സില്‍ അവസാനിച്ചു.
അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍റെയും ധ്രുവ് ജുറലിന്‍റെയും പ്രകടനമാണ് രാജസ്ഥാന്‍റെ തോല്‍വി ഭാരം കുറച്ചത്. രാജസ്ഥാന് വേണ്ടി ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍ 25 പന്ത് നേരിട്ട് 42 റണ്‍സ് നേടി. സഞ്‌ജുവായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ഈ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഏപ്രില്‍ എട്ടിനാണ് ഡല്‍ഹി കാപിറ്റല്‍സിനെതിരായ ടീമിന്‍റെ അടുത്ത മത്സരം.
Also Read: IPL 2023 | ബട്‌ലര്‍ ഇറങ്ങിയില്ല, അശ്വിന്‍ ഓപ്പണറായി; കാരണം വ്യക്തമാക്കി സഞ്‌ജു സാംസണ്‍