മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായുള്ള മിന്നും പ്രകടനമായിരുന്നു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് നടത്തിയത്. എന്നാല്‍ 16-ാം സീസണിലേക്ക് എത്തിയപ്പോള്‍ തന്‍റെ മികവിലേക്ക് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സീസണില്‍ കളിച്ച ഒരൊറ്റ മത്സരത്തില്‍ പോലും കാര്യമായ പ്രകടനം താരത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
വെറ്ററന്‍ താരത്തിന്‍റെ ഈ മോശം പ്രകടനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. വലിയ സ്കോറുകൾ നേടുന്നതിനോ, അല്ലെങ്കില്‍ വമ്പന്‍ ലക്ഷ്യം പിന്തുടരുന്നതിനോ ആശ്രയിക്കാവുന്ന ഒരു താരമാണെന്ന് ഒരിക്കല്‍ പോലും തെളിയിക്കാന്‍ കാര്‍ത്തികിന് കഴിഞ്ഞിട്ടില്ലെന്നാണ് പഠാന്‍ പറയുന്നത്.
റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ വിരാട് കോലി ഒഴികെയുള്ള താരങ്ങള്‍ ടീമിനായി തിളങ്ങാത്തത് ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. ടീം മാനേജ്‌മെന്‍റ് ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നുവെന്നും പഠാന്‍ അഭിപ്രായപ്പെട്ടു. ബാറ്റിങ്ങില്‍ വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരെ ബാംഗ്ലൂര്‍ അമിതമായി ആശ്രയിക്കുന്നതായും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
"കെജിഎഫിന് (വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ്) ഒരു മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ആരാണ് ടീമിനെ നയിക്കുക, ദിനേശ് കാർത്തിക്കായാലും മഹിപാൽ ലോംറോറായാലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാനേജ്‌മെന്‍റിന് അതിന് പരിഹാരം കാണേണ്ടിവരും. ആര്‍സിബിയുടെ മധ്യനിര വളരെ ദുർബലമായി കാണപ്പെടുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ വലിയ സ്കോറുകൾ നേടുന്നതിനോ, വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിനോ ടീമിന് തന്നെ ആശ്രയിക്കാൻ കഴിയുമെന്ന് ഒരിക്കൽ പോലും തെളിയിക്കാൻ കാർത്തിക്കിന് കഴിഞ്ഞിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാനേജ്‌മെന്‍റ് അവരുടെ ബാറ്റിങ്ങിലെ ഈ പിഴവ് പരിഹരിക്കേണ്ടതുണ്ട്", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് മുന്നെയുള്ള പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ 11 പന്തില്‍ 16 റണ്‍സെടുത്ത കാര്‍ത്തിക് റണ്‍ഔട്ടാവുകയായിരുന്നു.
വില്ലിക്ക് പകരം കേദാർ ജാദവ്: അതേസമയം, ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിൽ ഡേവിഡ് വില്ലിക്ക് പകരക്കാരനായി കേദാർ ജാദവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അറിയിച്ചിട്ടുണ്ട്.
ഈ സീസണിൽ ബാംഗ്ലൂരിനായി നാല് മത്സരങ്ങൾ കളിച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ഓൾറൗണ്ടറായ വില്ലി പരിക്കേറ്റ് പുറത്താവുകയായിരുന്നു. 2010ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ജാദവ് ഇതുവരെ 93 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1196 റൺസാണ് താരം നേടിയിട്ടുള്ളത്.
നേരത്തെ 2016-17 സീസണില്‍ ബാംഗ്ലൂരിനൊപ്പമുണ്ടായിരുന്ന ജാദവ് 17 മത്സരങ്ങളാണ് ടീമിനായി കളിച്ചിട്ടുള്ളത്. ഒരു കോടി രൂപയ്ക്കാണ് 38കാരനായ താരത്തെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. 2021-ലാണ് ജാദവ് അവസാനമായി ഐപിഎല്‍ കളിച്ചത്.
ALSO READ: IPL 2023| 'കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന് ഓര്‍മ്മ വേണം'; മാസ് ഡയലോഗുമായി വിരാട് കോലി - വീഡിയോ