അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 35-ാം മത്സരമാണിത്.
ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഏറെ ഉറച്ച പിച്ചാണിതെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു.
തുടക്കത്തില്‍ കുറച്ച് തെറ്റുകള്‍ സംഭവിച്ചു. അത് അംഗീകരിച്ച് തിരുത്തി എങ്ങനെ മുന്നോട്ട് പോകുന്നു എന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് കളിക്കുന്നത്. ഹൃത്വിക് ഷോക്കീൻ പുറത്തായപ്പോള്‍ കുമാർ കാർത്തികേയയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം റിലെ മെറിഡിത്തും ടീമിലെത്തി. ആര്‍ച്ചര്‍ക്ക് സുഖമില്ലെന്ന് രോഹിത് അറിയിച്ചു. മലയാളി താരങ്ങളായ വിഷ്‌ണു വിനോദ്, സന്ദീപ് വാര്യർ എന്നിവര്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
വിക്കറ്റ് നല്ലതായാണ് കാണപ്പെടുന്നതെന്ന് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളിക്കുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹാൽ വാധേര, കുമാർ കാർത്തികേയ, അർജുൻ ടെണ്ടുൽക്കർ, റിലേ മെറിഡിത്ത്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
മുംബൈ ഇന്ത്യൻസ് സബ്‌സ്: രമൺദീപ് സിങ്, തിലക് വർമ്മ, ഷംസ് മുലാനി, വിഷ്‌ണു വിനോദ്, സന്ദീപ് വാര്യർ.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ.
ഗുജറാത്ത് ടൈറ്റൻസ് സബ്‌സ്: ജോഷ്വ ലിറ്റിൽ, ദസുൻ ഷനക, ശിവം മാവി, രവിശ്രീനിവാസൻ സായ് കിഷോർ, ശ്രീകർ ഭരത്
നേർക്കുനേർ: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം നടത്തിയ ഗുജറാത്ത് ടൈറ്റൻസുമായി നേരത്തെ ഒരു മത്സരത്തില്‍ മാത്രമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുമുട്ടിയത്. അന്ന് ഗുജറാത്തിനെ അഞ്ച് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് സ്വന്തം തട്ടകത്തില്‍ ഈ കണക്ക് കൂടെ തീര്‍ക്കാനാവും ഗുജറാത്ത് ലക്ഷ്യം വയ്‌ക്കുക.
മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാന്‍ സാധിക്കും. കൂടാതെ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മുംബൈ-ഗുജറാത്ത് മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ALSO READ: രാഹുലിന്‍റെ മേല്‍ ഒരു കുറ്റവുമില്ല, ലഖ്‌നൗവിനെ തോല്‍പ്പിച്ചത് മറ്റുള്ളവര്‍; പിന്തുണയുമായി ടോം മൂഡി