ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 40-ാം മത്സരമാണിത്.
ഡല്‍ഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിക്കറ്റ് വരണ്ടതായി തോന്നുന്നുവെന്ന് സണ്‍റൈസേഴ്‌സ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പറഞ്ഞു. അധികം മഞ്ഞ് ഉണ്ടാകില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ഞങ്ങൾക്ക് നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുകയും മികച്ച ടോട്ടൽ കണ്ടെത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും മാര്‍ക്രം പറഞ്ഞു. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇല്ലാതെയാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നത്. അകേൽ ഹൊസൈൻ ടീമിനായി അരങ്ങേറ്റം നടത്തുമ്പോള്‍ അബ്‌ദുള്‍ സമദും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികച്ച രീതിയില്‍ കളിക്കുകയെന്നതാണ് പ്രധാനമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. വിക്കറ്റ് വീഴ്ത്തുകയും മികച്ച ബാറ്റിങ് പ്രകടനം നടത്തുകയും വേണം. ആദ്യ ആറ് ഓവറിൽ ഞങ്ങൾക്ക് നന്നായി ബൗൾ ചെയ്യേണ്ടിയിരിക്കുന്നു.
മത്സരം സ്വന്തം തട്ടകത്തിലാണെങ്കിലും പുറത്താണെങ്കിലും അൽപ്പം വെല്ലുവിളി നിറഞ്ഞതാണത്. പക്ഷേ ഞങ്ങൾ അത് ആസ്വദിക്കുകയാണെന്നും വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് ഡല്‍ഹി കളിക്കുന്നത്. പ്രിയം ഗാർഗ് അരങ്ങേറ്റം നടത്തുമ്പോള്‍ അമൻ ഖാൻ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, അബ്‌ദുൾ സമദ്, അകേൽ ഹൊസൈൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാന്‍ മാലിക്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അക്‌സർ പട്ടേൽ, റിപാൽ പട്ടേൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ, മുകേഷ് കുമാർ.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇറങ്ങുന്നത്. സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് ഇതേവരെ ഇരു ടീമുകള്‍ക്കും നേടാന്‍ കഴിഞ്ഞത്. ഇതോടെ ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനങ്ങളിലാണ് നിലവില്‍ ഇരു ടീമുകളുടെയും സ്ഥാനം.
നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ ഹൈദരാബാദ് ഒമ്പതാമതുള്ളപ്പോള്‍ പത്താം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ തോറ്റ ഡല്‍ഹി അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് എത്തുന്നത്.
ഹൈദരാബാദാവട്ടെ അവസാന മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങുകയും ചെയ്‌തു. ഇതോടെ ഇന്ന് സ്വന്തം തട്ടകത്തില്‍ മത്സരം പിടിച്ച് ജയം തുടരാന്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്തുകയെന്നതാവും ഹൈദരാബാദിന്‍റെ മനസില്‍.