ന്യൂഡല്‍ഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസണിലെ ആദ്യ വിജമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. സീസണില്‍ ടീമിന്‍റെ ആറാം മത്സരമായിരുന്നുവിത്. ഇതിന് മുന്നെ കളിച്ച അഞ്ച് മത്സരങ്ങളിലും ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍വി വഴങ്ങിയിരുന്നു. ഐപിഎല്‍ സീസണിലെ ആദ്യ വിജയം ഡല്‍ഹിക്ക് നേടാന്‍ കഴിഞ്ഞുവെങ്കിലും ടീമിലെ പ്രധാന ബാറ്ററായ മനീഷ് പാണ്ഡെയെ എടുത്തിട്ട് അലക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്.
കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ 2.4 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് മനീഷ് പാണ്ഡെയെ ടീമിലെത്തിച്ചത്. കാറപകടത്തില്‍ പെട്ട് ഈ സീസണ്‍ നഷ്‌ടമായ സ്ഥിരം നായകന്‍ റിഷഭ് പന്തിന്‍റെ അഭാവത്തിൽ മനീഷ് ടീമിന്‍റെ വിജയങ്ങള്‍ക്കായി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന പ്രതീക്ഷ മാനേജ്‌മെന്‍റിനും ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ സീസണില്‍ ഇതേവരെ 100 റണ്‍സില്‍ താഴെ മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാവട്ടെ 23 പന്തിൽ 21 റൺസ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ മനീഷ് പാണ്ഡെയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ശ്രീകാന്ത് ഓണ്‍-എയറില്‍ പറഞ്ഞത്. മനീഷ് പാണ്ഡെ ടീമില്‍പ്പോലും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
"എന്ത് കാരണത്താലാണ് നമ്മൾ മനീഷ് പാണ്ഡെയെക്കുറിച്ച് സംസാരിക്കുന്നത്? അവനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവന്‍ ടീമില്‍പ്പോലും ഉണ്ടാവാന്‍ പാടില്ലെന്നാണ് എനിക്ക് പറയാനുള്ളത്.
നമുക്ക് അക്‌സർ പട്ടേലിനെ കുറിച്ച് സംസാരിക്കാം. തന്‍റെ കരിയറില്‍ അവന്‍ എത്ര ഫോമിലാണെന്നതിനെക്കുറിച്ച്, ശരിക്കും പറഞ്ഞാല്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അവന്‍ യോഗ്യനാണ്", ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ കൂടിയായ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ഡല്‍ഹിയുടെ സെലക്ഷന്‍ കമ്മിറ്റിക്ക് താനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ മനീഷ് പാണ്ഡെ കളിക്കാനിറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെതിരെ നാല് വിക്കറ്റിന്‍റെ വിജയമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഡല്‍ഹി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണറുടെ അർധ സെഞ്ചുറിയാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.
41 പന്തില്‍ 11 ഫോറുകളോടെ 57 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും മനീഷ് പാണ്ഡെ ഉള്‍പ്പെടെയുള്ള പ്രധാന ബാറ്റര്‍മാര്‍ക്ക് മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ടീം ഡയറക്‌ടര്‍ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്ക് എതിരായ മത്സരത്തില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വരും മത്സരങ്ങള്‍ വിജയിക്കാന്‍ ബാറ്റര്‍മാര്‍ താളം കണ്ടെത്തേണ്ടതുണ്ട്.
പൃഥ്വി ഷാ, മനീഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ബാറ്റിങ് യൂണിറ്റിലെ പ്രധാനികളാണ്. ഇവരെ ഫോമിലേക്ക് തിരികെയെത്തിക്കാന്‍ എന്ത് ചെയ്യണമോ അതെല്ലാം ചെയ്യുമെന്നുമായിരുന്നു ഗാംഗുലി പ്രതികരിച്ചത്.