അഹമ്മദാബാദ്: ഐപിഎല്ലിലെ കലാശപ്പോരാട്ടത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഐപിഎൽ 2022-ൽ വിജയിക്കുന്ന ടീമിന് തിളങ്ങുന്ന ട്രോഫി മാത്രമല്ല, ഭീമമായ സമ്മാനത്തുകയും ലഭിക്കും. വിജയികള്‍ക്കും റണ്ണേഴ്‌സ്അപ്പിനും എത്ര സമ്മാനത്തുക ലഭിക്കും എന്ന ആകാംക്ഷ ആവേശപ്പോരിന് മുമ്പ് ആരാധകര്‍ക്കുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റായ ഐപിഎല്ലിലെ ജേതാക്കളെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. 2008ലെ പ്രഥമ സീസണില്‍ ഇത് 4.8 കോടിയായിരുന്നു. 14 വർഷത്തിനിടയിൽ സമ്മാനത്തുകയിൽ നാല് മടങ്ങ് വർധനായാണ് ഉണ്ടായിട്ടുള്ളത്.
റണ്ണേഴ്‌സ് അപ്പിന് 13 കോടിയാണ് ലഭിക്കുക. രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് കോടിയും എലിമിനേറ്ററില്‍ തോറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 6.5 കോടിയും ലഭിക്കും. ഉയര്‍ന്ന റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ഉള്‍പ്പടെയുള്ള മറ്റ് വ്യക്തിഗത പുരസ്‌കാരങ്ങളും കലാശപ്പോരിന് ശേഷം വിതരണം ചെയ്യും.
ഓറഞ്ച് ക്യാപ് സുരക്ഷിതമാക്കി ബട്‌ലര്‍; കലാശപ്പോരിന് മുമ്പേ ഈ സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഉറപ്പാക്കി. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെതിരെ വെടിക്കെട്ട് സെഞ്ചുറിയോടെ ബട്‌ലര്‍ക്ക് 824 റൺസായി. രണ്ടാം സ്ഥാനത്തുള്ളത് നേരത്തെ പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ നായകനായ കെ എൽ രാഹുലിന് 616 റൺസാണുള്ളത്. ഓറഞ്ച് ക്യാപ്പ് ജേതാവിന് 15 ലക്ഷം രൂപയാണ് സമ്മാനത്തുക.
കഴിഞ്ഞ 4 വർഷമായി 20 കോടി രൂപ മാത്രമാണ് വിജയികളായ ടീമിന് സമ്മാനത്തുകയായി ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്മാനത്തുക വർധിച്ചിട്ടില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടിവ് നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. അടുത്ത പതിപ്പിൽ നിന്ന് ഇത് പരിഷ്‌കരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ബിസിസിഐ പറഞ്ഞു.