മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും നേര്‍ക്കുനേര്‍. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദെത്തുന്നതെങ്കിൽ, ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയ ലഖ്‌നൗ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് തോല്‍പ്പിച്ചത്.
കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ കളിയിൽ ഹൈദരാബാദിന്‍റെ പ്രകടനം. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരെ ഒഴിവാക്കാന്‍ കാണിച്ച ആവേശം ഉത്തമ പകരക്കാരെ ടീമിലെത്തിക്കുന്നതില്‍ ഹൈദരാബാദ് കാട്ടിയില്ല. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദിന്‍റേത്.
ALSO READ: IPL 2022 | ലിവിംഗ്സ്റ്റൺ തകർത്താടി, ചെന്നൈക്കെതിരെ പഞ്ചാബിന് ആധികാരിക ജയം
ഹൈദരാബാദിന്‍റെ ബോളിങ് നിരയെ മോശമെന്ന് വിളിക്കാനാവില്ല. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, റൊമാരിയ ഷിഫേര്‍ഡ്, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര മികച്ചതാണ്. ഇവര്‍ ഫോമിലേക്കെത്തുകയാണ് പ്രധാനം. ഓൾറൗണ്ടർ വാഷിംഗ്‌ടൺ സുന്ദറിന്‍റെ പ്രകടനവും നിർണായകമാണ്.
നായകൻ കെ.എല്‍ രാഹുലും മനീഷ് പാണ്ഡെയും ഫോമിലേക്കെത്താത്തതാണ് ലഖ്‌നൗവിന്‍റെ ആശങ്ക. ഡീകോക്ക് ഓപ്പണിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. എവിന്‍ ലൂയിസ് നാലാം നമ്പറില്‍ നടത്തുന്ന വെടിക്കെട്ട് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ദീപക് ഹൂഡ, ആയുഷ് ബധോനി എന്നിവരുടെ പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ബോളിങിൽ ആവേശ് ഖാൻ, രവി ബിഷ്ണോയ്, ദുഷ്‌മന്ത ചമീര എന്നിവരുടെ പ്രകടനം നിർണായകമാകും.