മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. വൈകിട്ട് 7.30ന് ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പത്ത് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റ് മാത്രമാണ് ഡൽഹിക്ക്. അതിനാൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.
പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന ഓപ്പണിങ്ങാണ് ഡൽഹിയുടെ കരുത്ത്. ഇവരിൽ ഒരു താരം തുടക്കിത്തിലേ പുറത്തായാൽ ഡൽഹിയുടെ റണ്‍ റേറ്റ് കുറയും. കൂടാതെ കഴിഞ്ഞ സീസണിൽ അവസരം നൽകാതെ ഒഴിവാക്കിയ ഹൈദരാബാദിനെതിരെ ഡേവിഡ് വാർണറുടെ ആദ്യ മത്സരം കൂടിയാണ്. അതിനാൽ തന്നെ അപമാനിച്ച് ഒഴിവാക്കിയ ഹൈദരാബാദിനെതിരെ ഡേവിഡ് വാർണർ തകർപ്പൻ പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.
അതേസമയം ഓപ്പണിങ് സഖ്യം വീണാൽ പിടിച്ചു നിൽക്കാൻ കഴിയുന്ന ഒരു മധ്യനിര ഇല്ലാത്തതാണ് ഡൽഹിയുടെ പ്രധാന പോരായ്‌മ. മധ്യനിരയിൽ മിച്ചൽ മാർഷ്, ലളിത് യാദവ്, റിഷഭ് പന്ത് എന്നിവർ ഫോമിലായാലേ ഡൽഹിക്ക് മികച്ച സ്‌കോർ കണ്ടെത്താനാകൂ. അവസാന ഓവറുകളിൽ തകർത്തടിക്കുന്ന റോവ്മൻ പവൽ, അക്‌സർ പട്ടേൽ എന്നിവരുടെ പ്രകടനവും ടീമിന് നിർണായകമാകും. ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുസ്‌തഫിസുർ റഹ്‌മാൻ എന്നിവരുടെ ബോളിങ് പ്രകടനവും നിർണായകമാകും.
ഹൈദരാബാദിനെ സംബന്ധിച്ചും ഓപ്പണിങ് സഖ്യമാണ് പ്രധാന ശക്‌തി. അഭിഷേക് ശർമ്മ, കെയ്‌ൻ വില്യംസണ്‍ എന്നിവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ടീമിന്‍റെ മുന്നോട്ട് പോക്ക്. മധ്യഭാഗത്ത് എയ്‌ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ പ്രകടനവും നിർണായകമാകും. ബോളിങ് നിരയിൽ ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക് എന്നിവരുടെ പേസ് നിര മികച്ച രീതിയിൽ തന്നെ പന്തെറിയുന്നുണ്ട്. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദർ ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല.