മുംബൈ: ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. സഞ്ജുവിന്‍റെ കീഴിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ്, മുംബൈ ടീമുകൾക്കെതിരായ പ്രകടനം ഈ മത്സരത്തിലും തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജുവും സംഘവും.
കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ് ബട്‌ലറും കൂറ്റനടിക്കാരൻ ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഫോമിലെത്തിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകും. പേസർമാരായ ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി സ്‌പിന്നർമാരായ ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും ശക്‌തമാണ്.
പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കിൽ ബംഗ്ലൂർ വിയർക്കും.
ALSO READ: IPL 2022 | തോല്‍വിയിലും ടീമിന് ആത്മവിശ്വാസം പകര്‍ന്ന് വില്യംസൺ
നേർക്കുനേർ: നേരത്തെ ഇരുസംഘവും നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ ബംഗ്ലൂരിനാണ് നേരിയ മേല്‍ക്കൈ. 24 മത്സരങ്ങളില്‍ 12 മത്സരങ്ങള്‍ ബംഗ്ലൂർ വിജയിച്ചപ്പോള്‍, 10 മത്സരങ്ങളിൽ രാജസ്ഥാൻ ജയം നേടി. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ പിരിഞ്ഞു. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും രാജസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും രാജസ്ഥാൻ തന്നെയായിരുന്നു വിജയികൾ.