മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്ത്യൻ നിരയിലെ യുവ വിക്കറ്റ് കീപ്പർമാർ നയിക്കുന്ന ഇരു ടീമുകളും ഇന്ന് തങ്ങളുടെ ഏഴാം മത്സരത്തിനാണ് കളത്തിലിറങ്ങുന്നത്.
വിജയത്തോടെ പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും ഇരുകൂട്ടരുടേയും ശ്രമം. ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം തോൽവിയും ജയവും ഉൾപ്പെടെ ആറ് പോയിന്‍റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപ്പിറ്റൽസ്.
ബാറ്റിങ് നിരയിൽ ജോസ് ബട്‌ലർ തന്നെയാണ് രാജസ്ഥാൻ റോയൽസിന്‍റെ തുറുപ്പു ചീട്ട്. ഐപിഎല്ലിൽ ഈ സീസണിലെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടെ 375 റണ്‍സാണ് ബട്‌ലറിന്‍റെ സമ്പാദ്യം. ബട്‌ലർ ക്രീസിൽ നില്‍ക്കുന്നിടത്തോളം ഡൽഹി ബൗളർമാർ വിയർക്കുമെന്നുറപ്പ്.
കൂടാതെ നായകൻ സഞ്ജു സാംസണും ഹെറ്റ്‌മെയറും മോശമല്ലാത്ത രീതിയിൽ തന്നെ ബാറ്റ് വീശുന്നുണ്ട്. ബൗളർമാരിൽ യുസ്‌വേന്ദ്ര ചഹൽ തന്നെയാണ് രാജസ്ഥാന്‍റെ കരുത്ത്. ട്രെന്‍റ് ബോൾട്ടും, നവ്‌ദീപ് സെയ്‌നിയും, ആർ അശ്വിനും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.
ALSO READ: IPL 2022 | ഫിനിഷിങ്ങില്‍ 'തല'യുടെ തകര്‍ത്താടല്‍; മുംബൈയ്‌ക്കെതിരെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ് ജയം
മറുവശത്ത് ഡേവിഡ് വാർണറാണ് ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ബാറ്റിങ് കരുത്ത്. വാർണർ- പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ട് ഏതൊരു ബൗളിങ് നിരയ്‌ക്കും വെല്ലുവിളി തീർക്കും. നായകൻ റിഷഭ് പന്തും ഫോമിലായാൽ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമാകും.
വാലറ്റത്ത് ഷാർദുൽ താക്കൂറും, അക്‌സർ പട്ടേലും കുറ്റനടികളോടെ ഫിനിഷർമാരുടെ സ്ഥാനം ഭംഗിയായി നിർവഹിക്കുന്നുണ്ട്. ബൗളിങ് നിരയിൽ ആൻറിച്ച് നോർട്യ, ഖലീൽ അഹമ്മദ്, മുസ്‌തഫിസുർ റഹ്‌മാൻ എന്നിവർ മികച്ച ഫോമിലാണ്. ഇവരുടെ പ്രകടനവും ഡൽഹിക്ക് നിർണായകമാകും.