പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗവിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ജയിച്ച് പ്ലേ ഓഫിൽ കടക്കുയാകും ലക്ഷ്യം. എന്നാൽ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തെയെ സംബന്ധിച്ച് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്.
ബാറ്റിങ് ബോളിങ് നിര ഒരുപോലെ സന്തുലനം പാലിക്കുന്നു എന്നതാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന്‍റെ വിജയത്തിനാധാരം. നായകൻ കെഎൽ രാഹുലും ക്വിന്‍റണ്‍ ഡി കോക്കും ചേരുന്ന ഓപ്പണിങ് സഖ്യം തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. മധ്യനിരയിൽ മനീഷ് പണ്ഡെ, മാർക്കസ് സ്റ്റോയിൻസ്, ദീപക് ഹൂഡ എന്നിവർ കൂടി ചേരുന്നതോടെ ടീമിന്‍റെ കരുത്ത് വർധിക്കുന്നു. ക്രൂണാൽ പണ്ഡ്യ, ജേസൻ ഹോൾഡർ, ആയുഷ് ബധേനി എന്നിവരുൾപ്പെട്ട ഓൾറൗണ്ട് നിരയും ദുഷ്‌മന്ത ചമീര, ആവേശ് ഖാൻ, രവി ബിഷ്‌ണോയ് എന്നിവരടങ്ങിയ ബോളിങ് നിരയും ശക്‌തരാണ്.
മറുവശത്ത് തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ തോൽവിക്കൊടുവിൽ രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. സ്ഥിരതയില്ലാത്ത ബാറ്റിങ് ബോളിങ് നിരയാണ് കൊൽക്കത്തയെ തകർക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ പ്രധാന താരങ്ങളായിരുന്ന വെങ്കിടേഷ് അയ്യരും വരുണ്‍ ചക്രവർത്തിയും ഇതിനകം തന്നെ പ്ലേയിങ് ഇലവന് പുറത്തായിക്കഴിഞ്ഞു. ആരോണ്‍ ഫിഞ്ചും, നായകൻ ശ്രേയസ് അയ്യരും ഫോമിലെത്താത്തതും ടീമിന് തിരിച്ചടിയാണ്.
ALSO READ: IPL 2022: രാജസ്ഥാനെതിരെ ടോസ് നേടി പഞ്ചാബ്; ബാറ്റിങ് തെരഞ്ഞെടുത്തു
മധ്യനിരയിൽ നിതീഷ് റാണയിൽ മാത്രമാണ് ടീമിന്‍റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്കുയർന്ന റിങ്കു സിങിലും ടീം ഇന്ന് പ്രതീക്ഷ വെയ്‌ക്കുന്നുണ്ട്. അവസാന ഓവറുകളിൽ ആന്ദ്രേ റസൽ തകർത്തടിച്ചാൽ കൊൽക്കത്തയ്‌ക്ക് കാര്യങ്ങൾ എളുപ്പമാകും. സുനിൽ നരെയ്‌ൻ, ഉമേഷ് യാദവ്, ടീം സൗത്തി, ശിവം മാവി എന്നിവർ ഉൾപ്പെട്ട ബോളിങ് നിര അവസരത്തിനൊത്തുയർന്നില്ലെങ്കിൽ മത്സരം കൊൽക്കത്തക്ക് കടുപ്പമേറിയതാകും.