പൂനെ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഋഷഭ് പന്തിന്‍റെ കീഴിലിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30 നാണ് മത്സരം. ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസിനെ മറികടന്ന ഡൽഹി ക്യാപിറ്റൽസും രണ്ടാം ജയം ലക്ഷ്യമിട്ടാണ് പൂനെയിലിറങ്ങുന്നത്.
ലഖ്‌നൗവിനെതിരെ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം പിടിച്ചത്. 40 റണ്‍സുമായി പുറത്താവാതെ നിന്ന രാഹുല്‍ തിവാട്ടിയയും 7 പന്തില്‍ 15 റണ്‍സ് നേടിയ അഭിനവ് മനോഹറും നടത്തിയ പോരാട്ടമാണ് ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്കെന്ന് കരുതിയ കളിയില്‍ ഗുജാറാത്തിന് ചിരി നല്‍കിയത്. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്നും മോശം ബൗളിങ്ങിലൂടെയാണ് ഡൽഹിക്കെതിരായ മത്സരം മുംബൈ കൈവിട്ടത്.
ALSO READ: IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരെ
ജയത്തോടെ ഈ സീസണിന് തുടക്കമിട്ട രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോള്‍ മത്സരത്തിന് വാശിയേറും. നീണ്ട ഇടവേളക്ക് ശേഷം പന്തെറിഞ്ഞ് തുടങ്ങിയ ഹർദിക് പാണ്ഡ്യയുടെയും രാഹുൽ തെവാത്തിയയുടേയും ഓൾറൗണ്ട് മികവിലാണ് ടൈറ്റൻസിന്‍റെ പ്രതീക്ഷ. മുഹമ്മദ് ഷമിയുടെ പേസും റാഷിദ് ഖാന്‍റെ സ്‌പിന്നും ഡേവിഡ് മില്ലറുടെ കൂറ്റൻ ഷോട്ടുകളുമാവും ഡൽഹിയുടെ പ്രധാന വെല്ലുവിളി.
ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ, സർഫ്രാസ് ഖാൻ എന്നിവരുടെ ക്വാറന്‍റീന്‍ പൂർത്തിയായത് ഡൽഹിക്ക് ആശ്വാസമാണ്. അക്‌സർ പട്ടേൽ, ഷർദ്ദൂൽ ഠാക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവിലേക്കും ഡൽഹി ഉറ്റുനോക്കുന്നു.
ടോസ് നിർണായകം; പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലെ പിച്ച് തുടക്കത്തിൽ ബാറ്റർമാരെയും കളി പുരോഗമിക്കുമ്പോൾ സ്‌പിന്നർമാരെയും തുണയ്‌ക്കുമെന്നാണ് റിപ്പോർട്ട്. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് കിട്ടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.