ഷാര്‍ജ: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 136 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയാണ് 135 റണ്‍സെടുത്തത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്.
39 പന്തില്‍ 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ ( 27 പന്തില്‍ 30*) അക്‌സര്‍ പട്ടേല്‍ (4 പന്തില്‍ 4* ) പൃഥ്വി ഷാ (12 പന്തില്‍ 18), മാര്‍ക്കസ് സ്റ്റോയിനസ് (23 പന്തില്‍ 18), റിഷഭ് പന്ത് (6 പന്തില്‍ 6) ഷിമ്രോൺ ഹെറ്റ്‌മെയർ (10 പന്തില്‍ 17) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
കൊല്‍ക്കത്തയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ നേടി. 26 റണ്‍സ് വിട്ടുകൊടുത്ത് ലോക്കി ഫെർഗൂസണും, 27 വിക്കറ്റ് വിട്ടുകൊടുത്ത് ശിവം മാവിയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. പേസര്‍ ടോം കറന് പകരം പരിക്ക് മാറി തിരിച്ചെത്തിയ ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസാണ് ടീമില്‍ ഇടം പിടിച്ചത്.
അതേസമയം എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ കീഴടക്കിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.