അഹമ്മദാബാദ് : ഐപിഎല്ലില്‍ നായകനായി ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ താരമാണ് താരമാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടുക എന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് താരം പറയുന്നു. തന്‍റെ ലോംഗ് ടേം, ഷോര്‍ട്ട് ടേം ഗോള്‍ ഇത് മാത്രമാണെന്ന് ഹാര്‍ദിക് വ്യക്തമാക്കി.
ഇന്ത്യക്കായി ലോകകപ്പ് നേടികൊടുക്കാന്‍ തന്‍റെ സര്‍വ കഴിവുകളും പുറത്തെടുത്ത് ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. മൂന്ന് ലോകകപ്പുകളില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇന്ത്യയ്ക്ക് കിരീടം നേടാനായിരുന്നില്ല.
രാജസ്ഥാനെതിരെയുള്ള ഐപിഎല്‍ ഫൈനലില്‍ ഹാര്‍ദിക് 17 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ നിർണായകമായ 34 റണ്‍സും സംഭാവന ചെയ്‌തു. ഡേവിഡ് മില്ലര്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരും തിളങ്ങിയപ്പോള്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.
അതേസമയം, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയെ പാണ്ഡ്യ മറികടന്നു. ഗുജറാത്ത് ടൈറ്റന്‍സിനായി നേടിയ കിരീടം ഹര്‍ദിക് പാണ്ഡ്യയുടെ അഞ്ചാമത്തെ ഐ.പി.എല്‍ കിരീടമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം പാണ്ഡ്യ നേരത്തെ നാല് കിരീടങ്ങള്‍ നേടിയിരുന്നു.
ALSO READ: അന്ന് 'അഹങ്കാരി'യെന്ന് മുദ്രകുത്തി തഴഞ്ഞു ; ഒടുക്കം ഐപിഎല്‍ കപ്പുയര്‍ത്തി കൈയടിപ്പിച്ച് ഹാര്‍ദിക്
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് നാല് ഐ.പി.എല്‍ കിരീടങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ പാണ്ഡ്യ രണ്ടാം സ്ഥാനത്താണ്. കിറോണ്‍ പൊള്ളാര്‍ഡ്, അമ്പാട്ടി റായ്‌ഡു എന്നിവരാണ് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ പേരിനൊപ്പമുള്ളവര്‍. ആറ് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയ ടീമുകളിലുള്‍പ്പെട്ട രോഹിത് ശര്‍മയാണ് ഒന്നാമന്‍.