മുംബൈ : ഐപിഎല്ലില്‍ പലപ്പോഴും മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുന്ന താരമാണ് സഞ്‌ജു സാംസണ്‍. കഴിഞ്ഞ സീസണില്‍ 146 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ സഞ്‌ജു 17 മത്സരങ്ങളില്‍ നിന്ന് 458 റണ്‍സ് നേടിയിരുന്നു. ഈ സീസണിലും മികച്ച തുടക്കം താരത്തിന് ലഭിച്ചു.
ഇതുവരെ ആറ് മത്സരങ്ങള്‍ കളിച്ച സഞ്‌ജു 160 പ്രഹരശേഷിയില്‍ 159 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധസെഞ്ച്വറി സ്വന്തമാക്കാനും താരത്തിനായി. ഇതിന് പിന്നാലെ മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ സഞ്‌ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന വാദം ഉയര്‍ത്തി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.
ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മുന്‍ സെലക്‌ടര്‍ ശരണ്‍ദീപ് സിങ്. അവസരം കിട്ടിയപ്പോഴൊന്നും സഞ്‌ജുവിന് മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് സഞ്‌ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് സഞ്‌ജു സാംസണ്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിന് ഉചിതമായ അവസരമായിരുന്നു ഞങ്ങള്‍ നല്‍കിയത്. ടി20യില്‍ ഓപ്പണറായെത്തിയപ്പോള്‍ സഞ്‌ജുവിന് മികവിലേക്ക് ഉയരാനായില്ല.
ഏകദിന മത്സരങ്ങളില്‍ മധ്യനിരയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്. അവിടെ മികച്ച പ്രകടനം നടത്താന്‍ അവനായി. എന്നാല്‍ അതേസമയം, കൂടുതല്‍ മികവുറ്റ പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു.
ഇഷാന്‍ കിഷന്‍ അടുത്തിടെ ഏകദിന ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. റിഷഭ് പന്തും അവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം ദിനേശ് കാര്‍ത്തിക്കും മികച്ച പ്രകടനം നടത്തി ടീമിലേക്കെത്തിയിരുന്നു. ചിലപ്പോള്‍ അതെല്ലാം കൊണ്ടായിരിക്കാം സഞ്‌ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാതിരുന്നത്' - ശരണ്‍ദീപ് സിങ് വ്യക്തമാക്കി.
ഈ വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ നിലവില്‍ പുരോഗമിക്കുന്ന ഐപിഎല്ലില്‍ സഞ്‌ജു കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌താല്‍ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു' - അവന്‍റെ കാര്യത്തില്‍ ഐപിഎല്‍ കിരീടം നേടുന്നത് ഒരിക്കലും ഒരു പരിഹാരമായിരിക്കില്ല. ഇവിടെ വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാണ് മാനദണ്ഡം.
ഐപിഎല്ലില്‍ 700-800 റണ്‍സ് നേടുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാം. കിരീടം നേടുന്നതും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ വ്യക്തിഗത പ്രകടനങ്ങള്‍ക്കായിരിക്കും കൂടുതല്‍ മൂല്യം' - ശരണ്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ആയിരുന്നു സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് ഇതുവരെ 17 മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 2021ല്‍ ആയിരുന്നു ഏകദിന അരങ്ങേറ്റം. 11 ഏകദിന മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച സഞ്‌ജു 330 റൺസ് നേടിയിട്ടുണ്ട്.