ലണ്ടന്‍: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍റെയടക്കം മോശം ഫോമിനാല്‍ താളം കണ്ടെത്താനാവാത്ത മധ്യനിര ടീമിന് തലവേദനയാണ്. സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 11.72 ശരാശരിയില്‍ 129 റണ്‍സ് മാത്രമാണ് മോര്‍ഗന് ഇതേവരെ നേടാനാത്.
അതേസമയം പരിക്ക് മാറിയ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുകയാണെങ്കില്‍ മധ്യനിരയ്‌ക്ക് കരുത്താവുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ റസലിന് പകരം നിലവിലെ ടീമില്‍ നിന്നും ഏത് വിദേശതാരത്തെ പുറത്തിരുത്തുമെന്നത് ടീം മാനേജ്മെന്‍റിന് തലവേദനയാണ്. റസലിന് പകരം ഷാക്കിബ് അല്‍ ഹസനാവും ടീമിന് പുറത്തുപോവാന്‍ സാധ്യത.
മോർഗൻ മാറി നില്‍ക്കുമോ
എന്നാല്‍ റസലിന് പകരമായി മോശം ഫോമിലുള്ള ഇയാന്‍ മോര്‍ഗന്‍ സ്വയം മാറി നിന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. 'ദുബായിലെ സാഹചര്യങ്ങള്‍ മനസിലാക്കി വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഷാര്‍ജയിലെ പിച്ചില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് ഇവിടെയുള്ളത്.
റസലിന് നാലോവറും പന്തെറിയാനാവുമെങ്കില്‍ ഷാക്കിബിനെ പുറത്തിരുത്താനാണ് സാധ്യത. അവര്‍ക്ക് ഒരു ഇടം കൈയ്യന്‍ സ്പിന്നര്‍ കൂടി വേണമെന്ന് ചിന്തിച്ചാല്‍ (അതിന്‍റെ ആവശ്യമില്ല) മോര്‍ഗന്‍ സ്വയം മാറി നിന്നേക്കാം.
also read: പോരിന് മുൻപേ വാക്പോര്: ഇന്ത്യയ്‌ക്കെതിരെ വിജയിക്കും; സാഹചര്യം അനുകൂലമെന്നും ബാബര്‍ അസം
ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനില്ല, കാരണം അദ്ദേഹത്തിന്‍റെ സ്വഭാവം എനിക്ക് അറിയാം. ടീമിന് ഏറ്റവും നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമെ അദ്ദേഹം ചെയ്യൂ' വോണ്‍ പറഞ്ഞു. വ്യക്തിപരമായി താന്‍ മോര്‍ഗനെ ഒഴിവാക്കില്ലെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.