ചെന്നൈ : ധോണി ആരാധകർക്ക് സന്തോഷ വാർത്ത. അടുത്ത വർഷവും ചെന്നൈയുടെ സ്വന്തം 'തല' മഞ്ഞക്കുപ്പായത്തിൽ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ചെന്നൈ ടീം മാനേജ്‌മെന്‍റ്. മെഗാലേലത്തിൽ താരങ്ങളെ നിലനിർത്താനുള്ള അവസരം ഉണ്ടാകുമെന്നും ഇതിൽ ധോണിയെ കഴിഞ്ഞ് മാത്രമേ മറ്റ് താരങ്ങളെ പരിഗണിക്കുകയുള്ളൂവെന്നും ചെന്നൈ ഫ്രാഞ്ചൈസി വ്യക്‌തമാക്കി.
'താരങ്ങളെ നിലനിർത്താൻ അവസരം ഉണ്ടാകും. എന്നാൽ എത്ര താരങ്ങളെ നിലനിർത്താം എന്നതിൽ ഇനിയും വ്യക്‌തത വന്നിട്ടില്ല. എന്നാൽ ധോണിയുടെ കാര്യത്തിൽ സംശയമില്ല. കപ്പലിന് അതിന്‍റെ കപ്പിത്താൻ കൂടിയേ തീരൂ. അതിനാൽ എന്തുവന്നാലും ആദ്യം നിലനിർത്തുക ധോണിയെത്തന്നെയാകും. മറ്റുള്ള കാര്യം അതിന് ശേഷം മാത്രമേ വരികയുള്ളൂ', ചെന്നൈ വൃത്തങ്ങൾ അറിയിച്ചു.
ഐപിഎല്ലിന്‍റെ അടുത്ത സീസണിലും താൻ ചെന്നൈക്കൊപ്പം ഉണ്ടാകുമെന്ന് ധോണി വ്യക്‌തമാക്കിയിരുന്നു. എന്നാൽ കളിക്കാൻ ഇറങ്ങുമോ എന്നത് മെഗാ ലേലത്തിന്‍റെ നിയമങ്ങൾക്കനുസരിച്ചായിരിക്കുമെന്നും ധോണി വ്യക്‌തമാക്കിയിരുന്നു. കൂടാതെ ചെന്നൈയിൽ ആരാധകരോടൊപ്പം തന്‍റെ അവസാന മത്സരം കളിക്കണമെന്ന ആഗ്രഹവും ധോണി പ്രകടിപ്പിച്ചിരുന്നു.
ALSO READ : ഇന്ത്യയ്‌ക്ക് എട്ടാം സാഫ് കിരീടം; ഗോളടിച്ച് സഹലും, നേപ്പാളിനെ തകര്‍ത്തത് മൂന്ന് ഗോളിന്
'ടീമിന് ഗുണപരമായ തീരുമാനം കൈക്കൊള്ളും. അടുത്ത 10 വർഷത്തേക്കുള്ള ടീമിനെ വാർത്തെടുക്കുന്നതിനായുള്ള ലേലമാണ് വരാൻ പോകുന്നത്. അതിനാൽ തന്നെ ആരൊക്കെ ടീമിന് സംഭാവനകൾ നൽകും എന്നതിനെപ്പറ്റി ഗൗരവകരമായി ചിന്തിക്കണം. ഇത് അനുസരിച്ചായിരിക്കും ടീമിൽ തന്‍റെ സ്ഥാനം നിർണയിക്കുകയെന്നും ഐപിഎൽ കിരീട നേട്ടത്തിന് ശേഷം ധോണി പറഞ്ഞിരുന്നു.