മുംബൈ: വാഹനാപകടത്തിൽ മരണപ്പെട്ട മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിനുള്ള ആദരസൂചകമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെയും ഗുജറാത്ത് ടൈറ്റൻസിന്‍റെയും കളിക്കാർ കറുത്ത ബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. ശനിയാഴ്‌ച രാത്രിയുണ്ടായ കാറപകടത്തിലായിരുന്നു അന്ത്യം. സൈമണ്ട്സ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണാണ് പൊലീസ് അറിയിച്ചത്.
തന്‍റെ കരിയറിന്‍റെ അവസാന ഘട്ടത്തിൽ സൈമണ്ട്സ് നിലവിലില്ലാത്ത ടീമായ ഡെക്കാൻ ചാർജേഴ്‌സിനും മുംബൈ ഇന്ത്യൻസിനും വേണ്ടിയാണ് ഐപിഎല്ലിൽ കളിച്ചത്. 2008 ലെ ഉദ്ഘാടന പതിപ്പിൽ രാജസ്ഥാൻ റോയൽസിനെതിരെ 53 പന്തിൽ പുറത്താകാതെ 117 റൺസ് നേടിയിരുന്നു.
ALSO READ: 'ഓര്‍മ്മകള്‍ മനസിലുണ്ട്' ; സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ സച്ചിന്‍റെ അനുശോചനം
ഒരേ സമയം മീഡിയം പേസും സ്പിന്നും എറിയാൻ കഴിവുള്ള അറ്റാക്കിംഗ് ബാറ്ററായ സൈമണ്ട്സ് മികച്ച ഫീൽഡർ കൂടെയായിരുന്നു. 1998 നും 2009 നും ഇടയിൽ വിജയകരമായ കരിയറിൽ 26 ടെസ്റ്റുകൾ, 198 ഏകദിനങ്ങൾ, 14 ടി-20 മത്സരങ്ങൾ എന്നിവ കളിച്ചു. 2003-ലും 2007-ലും ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെട്ട താരം 2000 ൽ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായിരുന്നു.