മുംബെെ: ഐപിഎല്ലില്‍ ജയം തുടരാനുറച്ച് ധോണിയുടെ ചെന്നെെ സൂപ്പര്‍ കിങ്സും സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഇറങ്ങും. വാങ്കഡെയില്‍ രാത്രി 7.30നാണ് ഇരു ടീമുകളുടേയും സീസണിലെ മൂന്നാം മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരായ വിജയത്തിന്‍റെ ആത്മ വിശ്വാസത്തിലാണ് ധോണിയും സംഘവും. മറുവശത്ത് ഡല്‍ഹിയെ തകര്‍ത്ത കരുത്തോടെയാണ് സഞ്ജുവിന്‍റെ നേതൃത്വത്തില്‍ രാജസ്ഥാനിറങ്ങുക. ഇതോടെ വാങ്കഡെയില്‍ മൂപ്പിളമപ്പോര് മുറുകും.
ഐപിഎല്ലില്‍ തന്‍റെ 200ാം മത്സരത്തിന് കൂടിയാണ് ചെന്നെെ ക്യാപ്റ്റന്‍ ധോണിയിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ ബൗളിങ് യൂണിറ്റ് ടീമിന് വലിയ ആത്മ വിശ്വാസമാണ്. ദീപക് ചഹർ, ഡ്വെയ്ൻ ബ്രാവോ, സാം കറണ്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. പഞ്ചാബിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹർ മിന്നിത്തിളങ്ങിയിരുന്നു.
സൗത്ത് ആഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി ടീമിനൊപ്പം ചേര്‍ന്നത് ബൗളിങ് യൂണിറ്റിന് കരുത്താണ്. ഇതോടെ ബൗളര്‍മാര്‍ തങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ രാജസ്ഥാന്‍ വിയര്‍ക്കും. ബാറ്റിങ് നിരയില്‍ ഫാഫ് ഡു പ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെെന,അമ്പാട്ടി റായിഡു തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാവും. ബാറ്റിങ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ ധോണി പിന്നോട്ട് പോകുന്നത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളുണ്ട്. ഇതോടെ ഏത് സ്ഥാനത്താവും താരം ഇറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം ഓപ്പണിങ്ങില്‍ റിതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിന്‍ ഉത്തപ്പ ടീമില്‍ ഇടം പിടിച്ചേക്കും.
രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ജോസ് ബട്ട്ലര്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഓപ്പണര്‍ മനാന്‍ വോറയ്ക്ക് പകരം യുവതാരം യശസ്വി ജയ്‌സ്‌വാൾ ടീമില്‍ ഇടം കണ്ടെത്തിയേക്കും. ബൗളിങ് യൂണിറ്റില്‍ ജയദേവ് ഉനദ്കട്ട്, ചേതൻ സകരിയ, മുസ്തഫിസുർ റഹ്മാൻ എന്നിവര്‍ മികച്ചു നിന്നാല്‍ ചെന്നെെക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ക്രിസ് മോറിസിനും ചെന്നെെക്കെതിരെ മികച്ച റെക്കോഡാണുള്ളത്. ചെന്നെെയുടെ രണ്ട് ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെ(സുരേഷ് റെെന, ഫാഫ് ഡു പ്ലെസിസ്) താരം മൂന്ന് തവണ പുറത്താക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കളും മോറിസ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം ആര്‍ച്ചറിന്‍റെ അഭാവം ഈ മത്സരത്തിലും നിഴലിക്കും.
അതേസമയം വാങ്കഡെയില്‍ നേരത്തെ നടന്ന മത്സരങ്ങളില്‍ പവര്‍പ്ലേ ഓവറുകളില്‍ മാത്രം വീണത് 16 വിക്കറ്റുകളാണ്. ഇതില്‍ 15 വിക്കറ്റുകളും നേടിയത് പേസര്‍മാരാണ്. ഇതോടെ ഈ മത്സരത്തിലും ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഇതിന്‍റെ മുന്‍തൂക്കം ചെന്നെെക്കുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് ഇരു ടീമുകള്‍ക്കും നേടാനായത്. ഇതോടെ പോയിന്‍റ് ടേബിളില്‍ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ചെന്നെെക്ക് പിന്നിലാണ് രാജസ്ഥാന്‍.