മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോ. 170 വിക്കറ്റുമായി ഒന്നാമതായിരുന്ന ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ റെക്കോർഡാണ് മറികടന്നത്. 153 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ 171 വിക്കറ്റുകൾ നേടിയത്.
ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്‌ക്കൊപ്പം റെക്കോഡ് പങ്കിട്ടിരുന്ന ബ്രാവോ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ദീപക് ഹൂഡയെ ജഡേജയുടെ കൈകളിലെത്തിച്ചാണ് റെക്കോഡ് സ്വന്തം പേരിലാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബ്രാവോ റെക്കോഡിനൊപ്പമെത്തിയത്.
ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ അഞ്ച് താരങ്ങളിൽ ബ്രാവോയൊഴികെ ബാക്കി നാല് പേരും സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചവരാണ്. ലസിത് മലിംഗ, അമിത് മിശ്ര, പിയൂഷ് ചൗള, ഹർഭജൻ സിംഗ് എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റു താരങ്ങൾ.
ALSO READ: IPL 2022 | വെടിക്കെട്ടുമായി ലൂയിസ്; ലഖ്‌നൗവിന് ഐപിഎല്ലിലെ ആദ്യ ജയം, ചെന്നൈക്ക് തുടർച്ചയായ രണ്ടാം തോൽവി
ഐപിഎല്ലിൽ 100 വിക്കറ്റ് തികച്ച ആദ്യ ബൗളർ കൂടിയാണ് മലിംഗ. 70 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 81 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഭുവനേശ്വര് കുമാറാണ് ഈ പട്ടികയിൽ രണ്ടാമത്.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിൽ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്എന്നീ ടീമുകൾക്കായി കളത്തിലിറങ്ങിയ ബ്രാവോ രണ്ട് തവണ പർപ്പിൾ ക്യാപ്പ് നേടിയിട്ടുണ്ട്. ടി-20 ക്രിക്കറ്റിൽ നിലവിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരനും ബ്രാവോയാണ്. 574 വിക്കറ്റുകളാണ് ബ്രാവോയുടെ അക്കൗണ്ടിലുള്ളത്.