ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം പതിപ്പിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം അർജുൻ ടെണ്ടുൽക്കർ എന്നെന്നേക്കുമായി ഓർത്തുവയ്ക്കുന്നതായിരിക്കും. മത്സരത്തിന്‍റെ അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് 23-കാരനായ പേസർ ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. മകന്‍റെ കന്നി വിക്കറ്റ് നേട്ടത്തിന് സാക്ഷിയായി ഇതിഹാസ താരം സച്ചിനും മുംബൈയുടെ ഡ്രസിങ് റൂമിലുണ്ടായിരുന്നു.
മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ 20 റൺസ് വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ നായകൻ രോഹിത് ശർമ അർജുൻ ടെണ്ടുൽക്കറെ പന്തേൽപ്പിക്കുന്നത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ എക്സ്‌ട്രാ കവറിൽ രോഹിത്തിന്‍റെ കൈയ്യിലെത്തിച്ച അർജുൻ മുംബൈയ്‌ക്ക് 14 റൺസിന്‍റെ വിജയം സമ്മാനിച്ചു. മത്സരത്തിലാകെ 2.5 ഓവർ പന്തെറിഞ്ഞ അർജുൻ 18 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. നിർണായകമായ അവസാന ഓവറിൽ വഴങ്ങിയത് 5 റൺസ് മാത്രം.
ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റ് നേടിയ അർജുൻ തന്‍റെ മത്സരങ്ങളിൽ പിതാവിന്‍റെ സ്വാധീനത്തെക്കുറിച്ചും നൽകുന്ന ഉപദേശങ്ങളെയും കുറിച്ച് മനസ് തുറന്നു. 'ആദ്യ ഐപിഎൽ വിക്കറ്റ് നേടാനായതിൽ വളരെ സന്തോഷമുണ്ട്. എന്‍റെ കൈയിലുള്ള പ്ലാനുകൾ മികച്ച രീതിയിൽ നടപ്പിൽ വരുത്തുന്നതിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞങ്ങളുടെ പ്ലാൻ വൈഡ് ബൗൾ എറിഞ്ഞ് ബാറ്റർമാരെ ലോങ് ബൗണ്ടറി കളിപ്പിക്കുകയും, ബാറ്റർമാരെ കൊണ്ട് പന്ത് മൈതാനത്തിന്‍റെ ലോങ് സൈഡിലേക്ക് അടിപ്പിക്കുകയുമായിരുന്നു'- അർജുൻ മത്സരശേഷം പറഞ്ഞു.
'എനിക്ക് ബൗളിങ് വളരെ ഇഷ്‌ടമാണ്. നായകൻ ആവശ്യപ്പെടുമ്പോഴെല്ലാം പന്തെറിയാൻ എനിക്ക് സന്തോഷമാണ്. ടീം പ്ലാനിൽ ഉറച്ചുനിൽക്കാനും എന്‍റെ മികച്ചത് മാത്രം നൽകാനും ശ്രമിക്കും. ഞങ്ങൾ ( സച്ചിനും ഞാനും) ക്രിക്കറ്റിനെ കുറിച്ച് വളരെയധികം സംസാരിക്കാറുണ്ട്. മത്സരത്തിന് മുന്നോടിയായി കളത്തിൽ പ്രാവർത്തികമാക്കേണ്ടതായ തന്ത്രങ്ങളെക്കുറിച്ചും സംസാരിക്കും. മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പറയും. ഞാൻ നല്ല ലെങ്തിലും ലൈനിലും പന്തെറിയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച സ്വിങ്ങും ബൗൺസും ലഭിക്കുകയാണെങ്കിൽ അത് മത്സരത്തിൽ മേധാവിത്വം നൽകും' - അർജുൻ കൂട്ടിച്ചേർത്തു.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ കാമറൂണ്‍ ഗ്രീനാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. പുറത്താവാതെ 40 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 64 റണ്‍സാണ് ഗ്രീന്‍ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 178 റൺസിന് എല്ലാവരും പുറത്തായി. 48 റൺസെടുത്ത മായങ്ക് അഗർവാളും 36 റൺസുമായി ഹെൻറിച്ച് ക്ലാസനും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ പൊരുതിയത്. മുംബൈയ്‌ക്കായി ജേസൻ ബെഹൻഡോർഫ്, പിയുഷ് ചൗള, റിലെ മെറിഡിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും കാമറൂൺ ഗ്രീൻ, അർജുൻ ടെണ്ടുൽക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.