ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന് പ്രശംസയുമായി മുന്‍താരം ആകാശ് ചോപ്ര. ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ പല താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിക്കാറുണ്ടെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ശിവം ദുബെ, അജിങ്ക്യ രഹാനെ എന്നിവരുടെ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്നലെ നടന്ന ആര്‍സിബി - സിഎസ്‌കെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ശിവം ദുബെ. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈയ്ക്കുവേണ്ടി നാലാമനായി ക്രീസിലെത്തിയ ദുബെ അര്‍ധസെഞ്ച്വറി നേടിയിരുന്നു. 27 പന്ത് നേരിട്ട താരം 52 റണ്‍ അടിച്ചാണ് പുറത്തായത്.
രണ്ട് ഫോറും അഞ്ച് സിക്‌സറും അടങ്ങിയതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ചെന്നൈ ഇടം കയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചിരുന്നു. റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായതിന് പിന്നാലെയായിരുന്നു അജിങ്ക്യ രഹാനെ ക്രീസിലേക്കെത്തിയത്.
മൂന്നാമനായി ക്രീസിലെത്തിയ താരം 20 പന്തില്‍ 37 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം 74 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിലും രഹാനെ പങ്കാളിയായി. മുന്‍ മത്സരങ്ങളിലും ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്‌ക്ക് സാധിച്ചിരുന്നു.
Also Read: IPL 2023 | 'ചെന്നൈയുടെ സൂപ്പര്‍മാന്‍' ; ബൗണ്ടറി ലൈനില്‍ കിടിലന്‍ സേവുമായി അജിങ്ക്യ രഹാനെ
ധോണി താരങ്ങളെ സൃഷ്‌ടിക്കുന്നു: ബാംഗ്ലൂരില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന ഒരാളാണ് അജിങ്ക്യ രഹാനെ. ആര്‍സിബിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ അവനായി. ശിവം ദുബെയും വളരെ മികച്ച രീതിയിലായിരുന്നു ബാറ്റ് ചെയ്‌തത്.
ദുബെ നേരത്തെ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍, അയാള്‍ ധോണിക്ക് കീഴില്‍ എത്തിയപ്പോഴാണ് ഇത്രത്തോളം മെച്ചപ്പെട്ടത്. ലീഗിലെ മറ്റ് എല്ലാ ടീമുകളും മികച്ച കളിക്കാരെ തെരഞ്ഞുപോകുമ്പോള്‍, ധോണി താരങ്ങളെ സൃഷ്‌ടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം, ആര്‍സിബി സിഎസ്‌കെ മത്സരത്തില്‍ ശിവം ദുബെയ്‌ക്കൊപ്പം ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇരുവരുടെയും മിന്നും പ്രകടനമാണ്, ചിന്നസ്വാമിയില്‍ ചെന്നൈക്ക് 226 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു സൂപ്പര്‍ കിങ്‌സ് ഇത്രയും സ്‌കോര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ വിജയ ലക്ഷ്യത്തിന് എട്ട് റണ്‍സ് അകലെ വീഴുകയായിരുന്നു. ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (76) എന്നിവര്‍ തകര്‍ത്തടിച്ചെങ്കിലും ആര്‍സിബിക്ക് ജയം നേടാനായില്ല. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്‌പാണ്ഡെ മൂന്നും മതീഷ പതിരണ രണ്ടും വിക്കറ്റാണ് സ്വന്തമാക്കിയത്.