പൂനെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിറങ്ങുന്നത്.
കരുണ്‍ നായർക്ക് പകരം ഡാരിൽ മിച്ചലും ഒബേദ് മക്കോയ്‌ക്ക് പകരം കുൽദീപ് സെന്നുമാണ് ആദ്യ ഇലവനിലെത്തിയത്. മറുവശത്ത് ഒരുമാറ്റമാണ് ബാംഗ്ലൂരിനുള്ളത്. അനൂജ് റാവത്ത് പുറത്തായപ്പോള്‍ രജത് പട്ടീദാറാണ് ടീമിലിടം പിടിച്ചത്.
സീസണില്‍ രാജസ്ഥാന്‍ തങ്ങളുടെ എട്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ബാംഗ്ലൂരിനിത് ഒമ്പതാം മത്സരമാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഏഴില്‍ അഞ്ച് ജയം പിടിച്ച രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈയിലെ വാങ്കഡെയില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ നാലു വിക്കറ്റിനു ബാംഗ്ലൂര്‍ ജയിച്ചിരുന്നു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, സുയാഷ് പ്രഭുദേശായി, രജത് പട്ടീദാർ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ , ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ഡാരിൽ മിച്ചൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, കുൽദീപ് സെൻ, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ.