മുംബൈ: ഐ പി എലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ആറ് വിക്കറ്റ് ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് തോല്‍പ്പിച്ചത്. ആവേശകരമായ മല്‍സരത്തില്‍ അവസാന ഓവറിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വിജയത്തിലേക്കെത്തിയത്. 80 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്കും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആയുഷ് ബഡോണിയുമാണ് സൂപ്പര്‍ ജയന്‍റ്സിനെ വിജയത്തിലേക്കെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 149 റണ്‍സാണെടുത്തത്. 34 പന്തില്‍ 61 റണ്‍സ് അടിച്ച ഓപ്പണര്‍ പൃഥ്വി ഷായാണ് ഡെല്‍ഹിയുടെ ടോപ്‌സ്കോറര്‍. അവസാന ഓവറുകളിലെ ആവേശ് ഖാനിന്‍റെയും, ജേസന്‍ ഹോള്‍ഡറിന്‍റെയും പ്രകടനം മികച്ചതായിരുന്നുവെന്ന് ക്യാപിടല്‍സ് നായകന്‍ ഋഷഭ് പന്ത് അഭിപ്രായപ്പെട്ടു. ബാറ്റിംഗ് നിര 10-15 റണ്‍സ് കുറച്ച് നേടിയത് മല്‍സരത്തില്‍ തിരിച്ചടിയായെന്നും മല്‍സരശേഷം പന്ത് പറഞ്ഞു.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ലഖ്‌നൗവിന്‍റെ ക്യാപ്‌റ്റൻ കെ എല്‍ രാഹുലും, ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് സമ്മാനിച്ചത്. 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത്. 24 റണ്‍സെടുത്ത രാഹുലിനെയും 80 റണ്‍സെടുത്ത ഡി കോക്കിനെയും കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.
ശര്‍ദൂല്‍ താക്കൂര്‍ എറിഞ്ഞ 18-ാം ഓവര്‍ ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും, 19-ാം ഓവര്‍ എറിയാനെത്തിയ മുസ്‌തഫിസുര്‍ റഹ്‌മാന്‍ 14 റണ്‍സ് വിട്ടുനല്‍കിയത് തിരിച്ചടിയായി മാറുകയായിരുന്നു. അവസാന ഓവറില്‍ ആറാമനായി ക്രീസിലെത്തിയ ആയുഷ് ബഡോണി 3 പന്തില്‍ 10 റണ്‍സ് നേടി ലഖ്‌നൗവിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ ആറ് പോയിന്‍റുമായി സൂപ്പര്‍ ജയന്‍റ്‌സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി.
Also read: 'വട പാവ്' ട്വീറ്റില്‍ പൊള്ളി ; വിശദീകരണവുമായി വിരേന്ദര്‍ സെവാഗ്