കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ പുതിയ ടി20 ലീഗിലെ ആറ് ടീമുകളും സ്വന്തമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവയ്‌ക്ക് പുറമെ ഡൽഹി ക്യാപിറ്റൽസിന്‍റെ ഉടമകളിൽ ഒരാളുമാണ് ദക്ഷിണാഫ്രിക്കയില്‍ ടീമുകള്‍ സ്വന്തമാക്കിയത്. അടുത്ത ജനുവരിയിലാണ് ലീഗ് ആരംഭിക്കുക.
ന്യൂലൻഡ്‌സ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ജോഹന്നാസ്ബർഗ് ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്സ് നേടിയപ്പോള്‍, പ്രിട്ടോറിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസിന്‍റെ ഉടമസ്ഥതയിലുള്ള ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സ് സ്വന്തമാക്കി. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവയുടെ ഉടമകൾ യഥാക്രമം ഡർബൻ, ഗ്കെബെർഹ (പോർട്ട് എലിസബത്ത്), പാൾ ഫ്രാഞ്ചൈസികൾളും സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ആവേശകരമായ സമയമാണിതെന്ന് ലീഗ് കമ്മീഷണർ ഗ്രെയിം സ്‌മിത്ത് പ്രസ്താവനയിൽ പറഞ്ഞു. ഫ്രാഞ്ചൈസി ഉടമകളുടെ ശക്തമായ കായിക പശ്ചാത്തലവും അവർ കൈകാര്യം ചെയ്യുന്ന ആഗോള ബ്രാൻഡുകളും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനുള്ള അംഗീകാരമാണ്. അവര്‍ ലീഗിന് കൂടുതല്‍ സ്ഥിരത നല്‍കുന്നതിനൊപ്പം, അവരുടെ വൈദഗ്ധ്യത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും പ്രയോജനം നേടുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.