ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് (Mumbai Indians), അഞ്ച് പ്രാവശ്യം കിരീടമുയര്‍ത്തി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമുകളില്‍ ഒന്ന്. അവസാനമായി കിരീടം നേടിയത് 2020ല്‍. കഴിഞ്ഞ സീസണിലെ നാലാം സ്ഥാനക്കാര്‍.
ആറാം കിരീടമാണ് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മുംബൈയുടെ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ എംഐ ആരംഭിച്ചിട്ടുമുണ്ട്. താരലേലത്തിന് മുന്‍പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചു.
പിന്നാലെ, തലമുറ മാറ്റമെന്നോണം രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്നും നീക്കി ഹാര്‍ദിക്കിനെ ക്യാപ്‌റ്റനാക്കി ആരാധകരെയും ഞെട്ടിച്ചു. ഹാര്‍ദിക്കിന്‍റെ വരവോടെ ഐപിഎല്‍ 2024 സീസണിലേക്ക് തങ്ങളുടെ ടോപ് ഓര്‍ഡറിനെ സെറ്റാക്കാന്‍ മുംബൈ ഇന്ത്യന്‍സിനായിട്ടുണ്ട്. ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തില്‍ ടീമിലെ ചെറിയ വിള്ളുകള്‍ അടച്ചാല്‍ കരുത്തരില്‍ കരുത്തരായി തന്നെ മുംബൈയ്‌ക്ക് ടൂര്‍ണമെന്‍റിന് ഇറങ്ങാം.
പേസ് ബൗളിങ് ഓള്‍റൗണ്ടര്‍, ഒരു സ്‌പിന്നര്‍... (Mumbai Indians Auction Strategy): നിലവില്‍ 17 പേരാണ് മുംബൈയുടെ സ്ക്വാഡില്‍ ഉള്ളത്. ഇവരില്‍ പലരും ഇതിനോടകം തന്നെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചവരും. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ സഖ്യമായിരിക്കും മുംബൈയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാമനായി സൂര്യകുമാര്‍ യാദവും ക്രീസിലെത്തിയേക്കും.
അഞ്ചാം നമ്പറില്‍ ടീമിന്‍റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാനെത്തിയാല്‍ ഫിനിഷര്‍ റോള്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡിനും ലഭിച്ചേക്കും. നേഹല്‍ വധേര, ഡെവാള്‍ഡ് ബ്രെവിസ്, വിഷ്‌ണു വിനോദ് എന്നിവര്‍ ബാക്ക് അപ്പായുണ്ട്. ഏഴാം നമ്പറില്‍ കളിപ്പിക്കാന്‍ ഒരു ബൗളിങ് ഓള്‍റൗണ്ടറെ ആയിരിക്കും മുംബൈ ഇന്ത്യന്‍സ് വരുന്ന താര ലേലത്തില്‍ നോട്ടമിടുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ജെറാള്‍ഡ് കോറ്റ്‌സീയെ ആയിരിക്കും ഈ സ്ഥാനത്തേക്ക് മുംബൈ പരിഗണിക്കുന്നത്. നിലവില്‍ സ്ക്വാഡിലുള്ള ജസ്‌പ്രീത് ബുംറ, ആകാശ് മധ്‌വാള്‍, പിയൂഷ് ചൗള എന്നിവര്‍ക്ക് പുറമെ മറ്റ് ബൗളര്‍മാര്‍ക്കായും മുംബൈ ശ്രമങ്ങള്‍ നടത്തിയേക്കാം.
ബൗളിങ് ഓള്‍റൗണ്ടര്‍ക്ക് പുറമെ ഒരു വിദേശ പേസറെയും ഒരു സ്‌പിന്നറെയും മുംബൈയ്‌ക്ക് ആവശ്യമുണ്ട്. ജോഫ്ര ആര്‍ച്ചറെ റിലീസ് ചെയ്‌ത സാഹചര്യത്തില്‍ ബുംറയ്‌ക്കൊപ്പം പന്തെറിയാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ വമ്പന്‍മാരില്‍ നിന്നും ആരെയെങ്കിലും സ്വന്തമാക്കാനാകും അവരുടെ ശ്രമം. സ്‌പിന്നറായി മുന്‍ ആര്‍സിബി താരം വാനിന്ദു ഹസരംഗയേയും മുജീബ് ഉര്‍ റഹ്മാനെയും മുംബൈ പരിഗണിച്ചേക്കാം.
കൂടാതെ, ആകാശ് മധ്‌വാളിന് ബാക്ക് അപ്പായി ഇന്ത്യന്‍ യുവ പേസര്‍മാരെയും മുംബൈ താരലേലത്തിലൂടെ ടീമിലെത്തിച്ചേക്കാം. പഴ്‌സില്‍ 17.75 കോടിയുള്ള മുംബൈയ്‌ക്ക് എട്ട് സ്ലോട്ടാണ് നിലവില്‍ ഒഴിവുള്ളത്. അതില്‍ നാല് സ്ലോട്ടുകള്‍ വിദേശ താരങ്ങള്‍ക്ക് വേണ്ടിയാണ് (Mumbai Indians Remaining Purse Balance and Slots).
മുംബൈ ഇന്ത്യന്‍സ് നിലവിലെ സ്ക്വാഡ്: രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്‌ണു വിനോദ്, ഹാര്‍ദിക് പാണ്ഡ്യ, നേഹല്‍ വധേര, റൊമാരിയോ ഷെപേര്‍ഡ്, ഷംസ് മുലാനി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജസ്‌പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്‌വാള്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്.
Also Read : ഷാരൂഖ് വരുമോ ചെന്നെയിലേക്ക്... ഐപിഎല്‍ താരലേലത്തില്‍ ധോണിയും സംഘവും ലക്ഷ്യമിടുന്നത്...