റാഞ്ചി: ഇക്കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 3.6 കോടിയ്‌ക്ക് ടീമിലെത്തിച്ച താരമാണ് റോബിന്‍ മിന്‍സ് (Robin Minz). ഇത്രയും തുക നല്‍കി ടീം സ്വന്തമാക്കിയ 21-കാരന്‍ ആരെന്ന് ചിന്തിച്ച് തലപുകയ്‌ക്കാത്ത ടൈറ്റന്‍സ് ആരാധകര്‍ ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍, ഈ താരത്തെ കുറിച്ച് അന്വേഷിച്ച് പോയവര്‍ ആദ്യം അറിഞ്ഞത് റാഞ്ചിയില്‍ അവന്‍റെ വിളിപ്പേര് ആയിരിക്കും.
ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്ററായ സാക്ഷാല്‍ ക്രിസ് ഗെയിലിന്‍റെ പേരിലാണ് പ്രാദേശിക ക്രിക്കറ്റ് വൃത്തങ്ങളില്‍ റോബിന്‍ മിന്‍സ് അറിയപ്പെടുന്നത്. ഈ പേരുകൊണ്ട് മാത്രമല്ല റോബിന്‍സ് മിന്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പട്ടിക വര്‍ഗത്തില്‍ നിന്നും ഐപിഎല്‍ കളിക്കാനെത്തുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം കൂടി സ്വന്തമാക്കിക്കൊണ്ടാണ്.
റാഞ്ചിയുടെ ഗെയിലായ റോബിന്‍ മിന്‍സ്: ഗുംല ജില്ലയിലെ ഗോത്രമേഖലയിലെ തെൽഗാവ് എന്ന ഗ്രാമത്തിലാണ് റോബിന്‍ മിന്‍സ് ജനിച്ചത്. സ്പോര്‍ട്‌സ് ക്വാട്ടയിലൂടെ പട്ടാളക്കാരനായ റോബിന്‍റെ അച്ഛന്‍ ഫ്രാന്‍സിസ് മിന്‍സിന്‍റെ ആദ്യ കാലത്തെ ആഗ്രഹം മകനെ ഒരു അത്ലറ്റിക്‌സ് താരമാക്കുക എന്നതായിരുന്നു. എന്നാല്‍, റോബിന്‍ മിന്‍സിന്‍റെ മനസ് കീഴടക്കിയത് മറ്റൊരു റാഞ്ചിക്കാരനായ എംഎസ് ധോണി.
അങ്ങനെയാണ് റോബിന്‍ മിന്‍സ് ക്രിക്കറ്റിലേക്ക് എത്തുന്നത്. ധോണിയെ പോലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് റോബിനും കളിക്കളങ്ങള്‍ കീഴടക്കിയത്. എംഎസ് ധോണിയുടെ ബാല്യകാല പരിശീലകന്‍ ചഞ്ചല്‍ ഭട്ടാചാര്യയുടെ കോച്ചിങ് സെന്‍ററിലായിരുന്നു റോബിന്‍ മിന്‍സിന്‍റെയും തുടക്കം.
ആദ്യ പന്ത് മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിക്കുക എന്നതായിരുന്നു റോബിന്‍ മിന്‍സിന്‍റെ ശൈലി. ഇത് ശ്രദ്ധയില്‍പ്പെട്ട സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലെ ബാറ്റിങ് പരിശീലകന്‍ ആസിഫ് ഹഖാണ് റോബിനിലെ ക്രിസ് ഗെയിലിനെ ആദ്യം കണ്ടെത്തിയത്.
പട്ടാളത്തില്‍ നിന്നും വിരമിച്ച റോബിന്‍ മിന്‍സിന്‍റെ അച്ഛന്‍ ഫ്രാന്‍സിസ് ഇപ്പോള്‍ റാഞ്ചി എയര്‍പോര്‍ട്ടില്‍ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സേവനമനുഷ്‌ഠിക്കുന്നത്. എംഎസ് ധോണിയെ നേരത്തെ പരിചയമുള്ള വ്യക്തി കൂടിയാണ് ഫ്രാന്‍സിസ്. റാഞ്ചി വിമാനത്താവളത്തില്‍ വച്ച് എംഎസ് ധോണിയെ കണ്ടുമുട്ടിയപ്പോള്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞ കാര്യം അടുത്തിടെ ഫ്രാന്‍സിസ് വെളിപ്പെടുത്തിയിരുന്നു.
ഐപിഎല്‍ ലേലത്തില്‍ എത്തുന്ന റോബിന്‍ മിന്‍സിനെ സ്വന്തമാക്കാന്‍ മറ്റ് ടീമുകള്‍ തയ്യാറായില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് അവനായി രംഗത്തുണ്ടാകുമെന്നാണ് ധോണി പറഞ്ഞത്. എന്നാല്‍, ലേലത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. റോബിന്‍ മിന്‍സിനെ ചെന്നൈയ്‌ക്ക് വിട്ടുകൊടുക്കാതെ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വലയിലേക്ക് എത്തിച്ചു.
Also Read : 'അവന്‍റെ ആഗ്രഹം അതായിരുന്നു', ഹാര്‍ദികിന്‍റെ കൂടുമാറ്റത്തെ കുറിച്ച് ആശിഷ് നെഹ്‌റ ആദ്യമായി