ദുബായ് : ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കും. (Travis Head Sold To Sunrisers Hyderabad). മിനി താര ലേലത്തില്‍ 6.8 കോടി രൂപ എറിഞ്ഞാണ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തൂക്കിയത്.
രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ള കനത്ത വെല്ലുവിളിയെ ഹൈദരാബാദ് മറികടന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ ഫൈനലിലെ താരമായിരുന്നു ഹെഡ്.
അതേസമയം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള താരമായി ഓസ്‌ട്രേലിയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാറി. റെക്കോഡ് തുകയായ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മിച്ചല്‍ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. ഇതേ ലേലത്തില്‍ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ റെക്കോഡാണ് സ്റ്റാര്‍ക്ക് പൊളിച്ചത്. 20.5 കോടി രൂപയ്‌ക്ക് സൺറൈസേഴ്‌സ് ഹൈദരാബാദായിരുന്നു കമ്മിന്‍സിനെ കൂടെ കൂട്ടിയത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad).
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനായും ഫ്രാഞ്ചൈസികള്‍ തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു ഓസീസ് ക്യാപ്റ്റനായി തുടക്കത്തില്‍ രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ തുക 7 കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും ചെയ്‌തു. പിന്നീട് ഹൈദരാബാദും ബാംഗ്ലൂരും തമ്മിലായിരുന്നു പോരാട്ടം.
അതേസമയം ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള മിനി താര ലേലത്തില്‍ ആദ്യ കോടിപതിയായത് വെസ്റ്റ് ഇന്‍ഡീസിന്‍റെ റോവ്‌മാന്‍ പവലാണ്. ലേലത്തിലെ ആദ്യ പേരുകാരനായ റോവ്‌മാന്‍ പവലിനെ 7.4 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിന്‍ഡീസ് താരത്തിനായി കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സില്‍ നിന്നും കനത്ത വെല്ലുവിളിയാണ് രാജസ്ഥാന്‍ റോയല്‍സിന് നേരിടേണ്ടി വന്നത്. (Rovman Powell Sold To Rajasthan Royals).
ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തില്‍ എത്തിച്ചു. അതേസമയം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ തങ്ങളുടെ തട്ടകത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരികെ എത്തിച്ചു. (IPL 2024 Auction Shardul Thakur Sold To Chennai Super Kings). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശാര്‍ദുലിനായി നാല് കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വീശിയത്.
ALSO READ: മല്ലിക സാഗർ...ഐപിഎല്‍ ലേലത്തിലെ പണക്കിലുക്കത്തിന് ചുറ്റിക വീശിയ ആദ്യ വനിത
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ട ഹര്‍ഷല്‍ പട്ടേലിനെ 11.75 കോടി എറിഞ്ഞ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. (IPL 2024 Auction Harshal Patel Sold To Punjab Kings). രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഹര്‍ഷലിനായി ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും തമ്മിലായിരുന്നു തുടക്കത്തില്‍ മത്സരം. എന്നാല്‍ തുക 11 കോടിയില്‍ എത്തിയതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വന്നെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന പഞ്ചാബ് ലേലം പിടിക്കുകയായിരുന്നു.