ഹൈദരാബാദ് : താരലേലത്തിന് മുന്‍പ് തന്നെ അടുത്ത ഐപിഎല്‍ സീസണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയാണായത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയതും, മുംബൈ രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റിയതും, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബി റാഞ്ചിയതുമെല്ലാം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തകളാണ്. നിലവില്‍ ഓരോ ക്രിക്കറ്റ് ആരാധകരുടെയും കാത്തിരിപ്പ് നാളെ (ഡിസംബര്‍ 19) ദുബായില്‍ നടക്കുന്ന താരലേലത്തിന് വേണ്ടിയാണ്.
തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്താന്‍ ഓരോ ടീമും ആരെയെല്ലാം സ്വന്തമാക്കുമെന്നറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലേലപ്പട്ടികയിലുള്ള 333 താരങ്ങളില്‍ 214 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 119 പേര്‍ വിദേശികള്‍. അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്ന് രണ്ട് പേരുമാണ് ലേല പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
അന്തിമ ലേല പട്ടികയില്‍ ഉള്ള താരങ്ങളില്‍ 116 പേര്‍ മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളത്. 215 അണ്‍ക്യാപ്‌ഡ് താരങ്ങള്‍ ഒരു ഭാഗ്യപരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. അവരില്‍ നിന്നും കൂടുതല്‍ പണം വാരാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ആഭ്യന്തര താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.
അര്‍ഷിന്‍ കുല്‍ക്കര്‍ണി (Maharashtra): അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് മഹാരാഷ്‌ട്ര സ്വദേശിയായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (Arshin Kulkarni). ബാറ്റിങ് ഓള്‍ റൗണ്ടറാണ് താരം. അടുത്തിടെ ദുബായില്‍ വച്ചുനടന്ന അണ്ടര്‍ 19 ഏഷ്യാകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ 18കാരനായ താരത്തിന് സാധിച്ചിരുന്നു. മഹാരാഷ്‌ട്ര പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറിയടിച്ച താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ട്രയല്‍സിലേക്ക് റുതുരാജ് ഗെയ്‌ക്‌വാദ് ക്ഷണിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍വിക് ദേശായി (സൗരാഷ്‌ട്ര) : ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 24കാരനായ ഹര്‍വിക് ദേശായി (Harvik Desai). അടുത്തിടെ അവസാനിച്ച സയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്‌ട്രയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌ത താരം കൂടിയാണ് ഹര്‍വിക്. ടൂര്‍ണമെന്‍റില്‍ 67 ശരാശരിയില്‍ 336 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 175 പ്രഹരശേഷിയിലായിരുന്നു ഹര്‍വിക് ടൂര്‍ണമെന്‍റില്‍ ഉടനീളം ബാറ്റ് വീശിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും മുഷ്‌താഖ് അലി ട്രോഫിയില്‍ നേടാന്‍ ഹര്‍വിക്കിനായി. ബാറ്റിങ്ങിലെയും വിക്കറ്റ് കീപ്പിങ്ങിലെയും മികവ് ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിച്ചേക്കും.
അശുതോഷ് ശര്‍മ (റെയില്‍വേസ്): ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരമാണ് അശുതോഷ് ശര്‍മ (Ashutosh Sharma). സയ്‌ദ് മുഷ്താഖ് അലി ട്രോഫിയിലും താരത്തിന്‍റെ ഈ മികവ് കണ്ടതാണ്. ടൂര്‍ണമെന്‍റില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 183 റണ്‍സ് നേടിയ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 277.27 ആയിരുന്നു എന്നതാണ് ശ്രദ്ധേയം. ടൂര്‍ണമെന്‍റില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തില്‍ 12 പന്തില്‍ നിന്നും 53 റണ്‍സ് അശുതോഷ് നേടിയിരുന്നു. ഹാര്‍ഡ് ഹിറ്റിങ് ബാറ്റര്‍മാരെ തേടിയെത്തുന്ന ടീമുകള്‍ അശുതോഷിനായി രംഗത്തിറങ്ങാനാണ് സാധ്യത.
രവി തേജ (ഹൈദരാബാദ്): കഴിഞ്ഞ സയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഹൈദരാബാദുകാരനായ രവി തേജ (Ravi Teja). ടൂര്‍ണമെന്‍റില്‍ ഏഴ് മത്സരം കളിച്ച 29കാരന്‍ 10.10 ബൗളിങ് ശരാശരിയില്‍ എറിഞ്ഞിട്ടത് 19 വിക്കറ്റുകള്‍. എക്കോണമി റേറ്റ് ഏഴിലായിരുന്നു താരം പന്തെറിഞ്ഞത്. ലൈനിലും ലെങ്തിലും കൃത്യമായി പന്തെറിയാന്‍ കഴിയുന്നതാണ് താരത്തിന്‍റെ കരുത്ത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് സെഞ്ച്വറികളും നേടാന്‍ രവി തേജയ്‌ക്കായിട്ടുണ്ട്.
അഭിമന്യു സിങ് രജ്‌പുത് (ബറോഡ): സയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ കുതിപ്പിന് നിര്‍ണായക പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് ബറോഡയുടെ പേസ് ഓള്‍റൗണ്ടറായ അഭിമന്യു സിങ് രജ്‌പുത് (Abhimanyu Singh Rajput). ഏത് സാഹചര്യത്തിലും പന്തെറിയാന്‍ കഴിവുള്ള താരം 13 വിക്കറ്റുകള്‍ ടൂര്‍ണമെന്‍റില്‍ നേടി. ബാറ്റുകൊണ്ടും പലപ്പോഴും മികവ് തെളിയിക്കാന്‍ ബറോഡ താരത്തിനായിട്ടുണ്ട്. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരെയും ഫൈനലില്‍ പഞ്ചാബിനെതിരെയും ബാറ്റിങ്ങില്‍ തിളങ്ങാനും താരത്തിനായിട്ടുണ്ട്.
സൗരവ് ചൗഹാന്‍ (ഗുജറാത്ത്): സയ്‌ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററാണ് മധ്യനിര ബാറ്ററായ സൗരവ് ചൗഹാന്‍ (Saurav Chauhan). 8 ഇന്നിങ്‌സില്‍ നിന്നും 184.55 സ്ട്രൈക്ക് റേറ്റില്‍ താരം അടിച്ചുകൂട്ടിയത് 251 റണ്‍സാണ്. വമ്പന്‍ ഷോട്ടുകള്‍ പായിക്കാനുള്ള താരത്തിന്‍റെ കഴിവ് ഐപിഎല്‍ ടീമുകളെ ആകര്‍ഷിക്കുന്നതാണ്.
Also Read: സഞ്ജുവിന്‍റെ റോയല്‍സിന് കപ്പടിക്കാൻ ഓൾറൗണ്ടർ വേണം, ഇത്തവണ താരലേലം കൊഴുക്കും