ഹൈദരാബാദ് : കഴിഞ്ഞ ഐപിഎല്‍ (IPL) സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പോലെ തന്നെ മികച്ച തുടക്കം ലഭിച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്സ് (Punjab Kings). എന്നാല്‍, ടൂര്‍ണമെന്‍റിന്‍റെ അവസാനം വരെ ആ മൊമന്‍റം തുടരാന്‍ അവര്‍ക്കായിരുന്നില്ല. പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരായിട്ടായിരുന്നു പഞ്ചാബ് ഐപിഎല്‍ പതിനാറാം പതിപ്പ് അവസാനിപ്പിച്ചത്.
ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മോശം പ്രകടനങ്ങള്‍ ആയിരുന്നു അവസാന വര്‍ഷം പഞ്ചാബിന് തിരിച്ചടികള്‍ സമ്മാനിച്ചത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആയിരിക്കും വരുന്ന ഐപിഎല്‍ താരലേലത്തിലൂടെ പഞ്ചാബ് കിങ്സ് മാനേജ്‌മെന്‍റ് നടത്തുക. ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ അണിനിരക്കുന്ന പഞ്ചാബ് ബാറ്റിങ് നിര ഓള്‍റെഡി സെറ്റാണ്.
മുന്‍ വര്‍ഷങ്ങളിലെ പോലെ താരലേലത്തിന് ഏറ്റവും കൂടുതല്‍ തുകയുമായി എത്തുന്ന ടീമുകളില്‍ ഒന്നാണ് പഞ്ചാബും. 29.10 കോടിയാണ് പഞ്ചാബ് കിങ്‌സിന്‍റെ പേഴ്‌സില്‍ അവശേഷിക്കുന്നത് (PBKS Remaining Purse Balance). രണ്ട് വിദേശികള്‍ ഉള്‍പ്പടെ എട്ട് പേരെ വേണം അവര്‍ക്ക് ഈ തുകയ്‌ക്ക് കണ്ടെത്താന്‍.
ഓള്‍റൗണ്ടര്‍മാരെ തേടി പഞ്ചാബ് : കാഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്, സാം കറന്‍ എന്നിവര്‍ക്ക് പഞ്ചാബ് പ്ലെയിങ് ഇലവനില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പാണ്. ഇവര്‍ക്കൊപ്പം പന്തെറിയുന്നതിന് ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആയിരിക്കും പഞ്ചാബ് കിങ്സ് താരലേലത്തിലൂടെ നടത്തുന്നത്. ഈ സ്ഥാനത്തേക്ക് അവര്‍ പ്രധാനമായും പരിഗണിക്കുന്നത് ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവരെ ആയിരിക്കും.
പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനാവശ്യമായ പ്രകടനങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളവരാണിവര്‍. കൂടാതെ, ഒരു സ്പിന്‍ ബൗളറെയും പഞ്ചാബിന് കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് സ്പിന്നര്‍മാരായി പഞ്ചാബ് സ്ക്വാഡിലുള്ളത്.
ഈ സാഹചര്യത്തില്‍ വാനിന്ദു ഹസരംഗയെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളും പഞ്ചാബ് കിങ്സ് നടത്തിയേക്കാം. ഇന്ത്യന്‍സ് ബാറ്റിങ് ഓള്‍റൗണ്ടറായി ഷാരൂഖ് ഖാന്‍റെ പകരക്കാരനെയും പഞ്ചാബിന് കണ്ടെത്തേണ്ടതുണ്ട്.
പഞ്ചാബ് കിങ്സ് നിലവിലെ സ്ക്വാഡ് : ശിഖര്‍ ധവാന്‍, ജിതേഷ് ശര്‍മ, ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, ഹര്‍പ്രീത് ഭാട്ടിയ, അഥര്‍വ ടൈഡേ, റിഷി ധവാന്‍, സാം കറൻ, സിക്കന്ദര്‍ റാസ, ശിവം സിങ്, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്‌ദീപ് സിങ്, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, വിദ്വത് കവേരപ്പ.