മുംബൈ : ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്ക് യുവതാരം പൃഥ്വി ഷായെ പിന്തുണച്ച് ബിസിസി മുന്‍ അധ്യക്ഷനും ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി. പൃഥ്വി ഷാ ഇന്ത്യയ്‌ക്കായി കളിക്കാൻ തയ്യാറാണെന്ന് താന്‍ കരുതുന്നതായി ഗാംഗുലി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുന്‍ നായകന്‍റെ പ്രതികരണം.
പൃഥ്വി ഷായ്‌ക്ക് അവസരം ലഭിക്കുമോ ഇല്ലയോ എന്നത് ടീമിലെ സ്ലോട്ടുകളെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സെലക്ടർമാരും താരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും ഗാംഗുലി പ്രതികരിച്ചു. 2021 ജൂലൈയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഇതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടിയിരുന്നുവെങ്കിലും താരത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറന്നിരുന്നില്ല. ഇതിലെ നിരാശ പലതവണ 23കാരനായ താരം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
2018ലാണ് പൃഥ്വി ഷാ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി ഇതേവരെ അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യുമാണ് താരം കളിച്ചിട്ടുള്ളത്. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വി ഷാ. ഫ്രാഞ്ചൈസിയ്ക്കായി 23 കാരനായ താരം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ് നേരത്തെ പ്രതികരിച്ചിരുന്നു.
"ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മികച്ചതും കഠിനവുമായ പരിശീലനം പൃഥ്വി ഷാ നടത്തിയിട്ടുണ്ട്. അവന്‍റെ ഫിറ്റ്‌നസും വളരെ നല്ലതാണ്. ഐപിഎല്ലില്‍ അവന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൃഥ്വിയുടെ മനോഭാവത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും ഞാന്‍ അവനോട് സംസാരിച്ചിരുന്നു. ഐപിഎല്ലിലെ അവന്‍റെ എക്കാലത്തെയും വലിയ സീസണാണ് ഇതെന്ന് എനിക്ക് സത്യസന്ധമായി തോന്നുന്നു" - പോണ്ടിങ് പറഞ്ഞു.
ഐപിഎല്ലിൽ 68 മത്സരങ്ങളിൽ നിന്നായി 1588 റൺസാണ് പൃഥ്വി ഷാ നേടിയത്. ഇതേവരെയുള്ളതില്‍ 2021 സീസണിലാണ് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. 160-ന് അടുത്ത് സ്‌ട്രൈക്ക് റേറ്റിൽ 479 റൺസായിരുന്നു അന്ന് താരം അടിച്ച് കൂട്ടിയത്. അന്ന് ഷാ തിളങ്ങിയെങ്കിലും ഡല്‍ഹിക്ക് കാര്യമായ മുന്നേറ്റം സാധിച്ചിരുന്നില്ല.
ALSO READ: 'തോറ്റ് മടങ്ങാനില്ല': സ്വപ്‌ന കിരീടം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
അതേസയം ഈ വർഷം ആദ്യം മുംബൈയിലെ ഒരു റെസ്റ്റോറന്‍റിൽ പൃഥ്വി ഷാ ആക്രമിക്കപ്പെട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവം കേസായതോടെ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ സപ്‌ന ഗില്ലിനെ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് സപ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്ന് പൃഥ്വി ഷായുടെ സുഹൃത്താണ് പരാതി നല്‍കിയത്. എന്നാല്‍ പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ആദ്യം പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് സപ്‌ന പിന്നീട് പൊലീസില്‍ പരാതി നല്‍കി.