മുംബൈ : ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ ഒരു താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടിം സീഫേര്‍ട്ടിനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്‌ച രാവിലെ നടത്തിയ പരിശോധനയിലാണ് സീഫേര്‍ട്ടിന് രോഗം സ്ഥിരീകരിച്ചതെന്നാണ് ബിസിസിയുമായി വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ ഓസീസ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് അടക്കം അഞ്ച് പേര്‍ക്ക് ഡല്‍ഹി ക്യാമ്പില്‍ രോഗബാധയുണ്ടായിരുന്നു. തിങ്കളാഴ്‌ച രാവിലെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് മാര്‍ഷിന് കൊവിഡ് കണ്ടെത്തിയത്.
അതേസമയം ഡല്‍ഹി ക്യാമ്പില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂനെയില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയിരുന്നു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
നിലവില്‍ കണ്ടെത്താനാകാത്ത കേസുകളുണ്ടെങ്കില്‍ അടച്ച അന്തരീക്ഷത്തിലുള്ള ദീർഘദൂര ബസ് യാത്രയ്ക്കിടെ അവ പകരാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് വേദിമാറ്റമെന്ന് ബിസിസിഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
also read: വിരാട് കോലിക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേള അനിവാര്യം : രവി ശാസ്ത്രി
മത്സരം നടക്കുമോ? : ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ നിയമം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.