ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 15ാം സീസണ്‍ മാര്‍ച്ച് 26ന് ആരംഭിക്കാനിരിക്കെ പത്ത് ഫ്രാഞ്ചൈസികളും മാർച്ച് 14, 15 തിയതികളില്‍ ടൂർണമെന്‍റിനായുള്ള പരിശീലനം തുടങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ബിസിസിഐ ആക്‌ടിങ് സിഇഒ ഹേമാംഗ് അമീന്‍ മഹാരാഷ്‌ട്ര സർക്കാറുമായി ചര്‍ച്ച നടത്തി. ആദിത്യ താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ പ്രധാന അംഗങ്ങളും പങ്കെടുത്തു.
"ടീമുകൾ മിക്കവാറും മാർച്ച് 14, 15 തിയതികളില്‍ പരിശീലനം ആരംഭിച്ചേക്കും. കളിക്കാരും സപ്പോർട്ട് സ്റ്റാഫും മാർച്ച് എട്ടോടെ മുംബൈയിലേക്ക് വരാൻ തുടങ്ങും" അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു.
കര്‍ശന ക്വാറന്‍റൈന്‍; മൂന്ന് ഇൻ-റൂം ആര്‍ടി-പിസിആര്‍
അതതു ടീമിനോടൊപ്പം ലീഗിന്‍റെ ഭാഗമായുള്ള ബയോ ബബിളില്‍ ചേരുന്നതിന് മുമ്പ് 3-5 ദിവസത്തേക്ക് കർശനമായ ക്വാറന്‍റൈനിന് വിധേയരാവണം. യാത്രയ്‌ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടി-പിസിആര്‍ പരിശോധനയ്‌ക്ക് വിധേയരാവണം. ക്വാറന്‍റൈനിലാവുമ്പോളും കളിക്കാര്‍ മൂന്ന് തവണ ഇൻ-റൂം ആര്‍ടി-പിസിആര്‍ പരിശോധനയ്‌ക്ക് വിധേയരാവുമെന്നും ഇവര്‍ പറഞ്ഞു.
ആദ്യ പരിശോധന ഒന്നാം ദിനവും രണ്ടാം പരിശോധന മൂന്നാം ദിനവും അവസാനത്തേത് അഞ്ചാം ദിനവുമാണ് നടത്തുക. മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെങ്കിൽ മാത്രമേ കളിക്കാരെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാനും ടീമിനൊപ്പം ചേരാന്‍ അനുവദിക്കുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
also read: പരിശീലകൻ മരിയൻ വജ്‌ഡയുമായി വേർപിരിഞ്ഞ് ജോക്കോവിച്ച് ; 15 വർഷത്തെ ഔദ്യോഗിക ബന്ധത്തിന് വിരാമം
താനെയിലെ എംസിഎ ഗ്രൗണ്ട്, നവി മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്ക് അടുക്കം അഞ്ച് ഗ്രൗണ്ടുകളാണ് ടീമുകള്‍ക്ക് പരിശീലനത്തിനായി ബിസിസിഐ അനുവദിച്ചിരിക്കുന്നത്. അതേസമയം മുംബൈ, പൂനെ എന്നിവിടങ്ങളിലെ നാല് വേദികളിലാണ് മത്സരം നടക്കുക. പ്രാരംഭ മത്സരങ്ങൾക്കായി 25 ശതമാനം കാണികളെ അനുവദിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.